ചാവക്കാട്: 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും അക്കൊണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനായും നിക്ഷേപിക്കാനായും എത്തിയവരെക്കൊണ്ട് ബാങ്കുകള്‍ വീര്‍പ്പുമുട്ടുന്നു. രാവിലെ മുതല്‍ 500, 1000 രൂപകള്‍ സ്വീകരിച്ച് 4000 രൂപ വരെ നല്‍കിയിരുന്നെങ്കിലും പതിനൊന്നു മണിയാകുമ്പോഴേക്കും പലകാരണങ്ങള്‍ പറഞ്ഞു ഉപഭോക്താക്കളെ തിരിച്ചയച്ചു തുടങ്ങി. പത്ത് രൂപയുടെയും ഇരുപത് രൂപയുടെയും കെട്ടുകളാണ് പതിനായിരം രൂപവരെ പിന്‍ വലിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തിയവര്‍ക്കും 500, 1000 രൂപാ നോട്ടുകള്‍ മാറ്റി വാങ്ങിയവര്‍ക്കും ചാവക്കാട് എസ് ബി ടി യില്‍ നിന്നും ലഭിച്ചത്. നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള ഫോമുകള്‍ തീര്‍ന്നതായി പറഞ്ഞും എസ് ബി ഐ പോലുള്ള ബാങ്കുകള്‍ ഉപബോക്താക്കളെ തിരിച്ചയച്ചു. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി എസ് ബി ടി ക്ക് പുറത്ത് ഫോം ഒന്നിന് അഞ്ചു രൂപ നിരക്കില്‍ വിറ്റ് കൊള്ളലാഭം കൊയ്യുന്നവരും സജീവമായി. പന്ത്രണ്ടു മണിയോടെ ചാവക്കാട് സൌത്ത് ഇന്ത്യന്‍ ബാങ്കിനകത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. പണം നിക്ഷേപിക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെയുള്ളവര്‍ പണം നല്‍കുന്നത് നിറുത്തിവെച്ചു. മൂന്നു മണിയോടെ ബാങ്കുകളില്‍ കാഷ് എത്തുമെന്നും ശേഷം പണം നല്‍കുന്നത് പുനരാരംഭിക്കും എന്നാണു പറയുന്നത്.
ജോലി ഉപേക്ഷിച്ച് ഇതര സംസ്ഥാന തൊഴിലാളികളും പണം മാറ്റിയെടുക്കാനുള്ള ക്യൂ വില്‍ നിറഞ്ഞു നിന്നു. ചില ബംഗാളികള്‍ മലയാളികള്‍ക്ക് വേണ്ടിയും പണം മാറ്റിയെടുക്കാനായി എത്തിയിരുന്നു.
ടൌണിലെ കടകളില്‍ കച്ചവടം നിശ്ചലാവസ്ഥയിലായി‍. ഇന്നലെ വളരെ കുറഞ്ഞ കച്ചവടമാണ് നടന്നത്. ഇന്ന് അതിലും വളരെ കുറവ് ആളുകള്‍ മാത്രമാണ് കടകളില്‍ എത്തിയത്. ബാങ്കുകളിലും പോസ്റ്റാഫീസുകളിലും എത്തുന്നവര്‍ പണം ലഭിക്കാതെ അസ്വസ്ഥരും അക്ഷമരുമാണ്.
ഇതിനിടെ ചാവക്കാട് മേഖലയില്‍ പരുടെയും കയ്യില്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ എത്തി തുടങ്ങി.