ഗുരുവായൂരിൽ സി എച്ച് റഷീദ് – പ്രവർത്തകർ ആവേശത്തിൽ

ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലീംലീഗ് സി. എച്ച്. റഷീദിനെ പ്രഖ്യാപിച്ചേക്കും. മറ്റു ചില പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായ സി എ ച്ച് റഷീദിന്റെ പേരാണ് ഉള്ളത്.

മണ്ഡലത്തിൽ നല്ല ബന്ധങ്ങളുള്ള ഒരു ‘നാട്ടുകാരനായ ‘ സ്ഥാനാർഥി വേണമെന്ന ആവശ്യവും മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തനായ ഒരു സ്ഥാനാർത്ഥിയായിരിക്കണമെന്നുമള്ള നിർബന്ധവും ഗുരുവായൂരിലെ ലീഗ് പ്രവർത്തകർക്കുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റും ജില്ലാ മണ്ഡലം കമ്മിറ്റികളും നൽകുന്ന സ്ഥാനാർഥി നിർദേശങ്ങൾ പരിഗണിച്ച് മറ്റു പാർട്ടി ഭാരവാഹികളുമായി ചർച്ച ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനർഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കുക. സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയായതായാണ് ലീഗ് നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ കടപ്പുറം സ്വദേശി സി എച്ച് റഷീദിന്റെ പേരാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
യു പി തലം കടപ്പുറം ഗവഃ ഹൈസ്‌കൂളിലും, ഹൈസ്‌കൂൾ വിദ്യാഭ്യാസം ചാവക്കാട് എം ആർ ആർ എം സ്‌കൂളിലും പൂർത്തിയാക്കിയ സി എച്ച് റഷീദ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും പ്രീഡിഗ്രിയും, ഡിഗ്രിയും പൂർത്തിയാക്കി. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ നിന്ന് ബിരുദാനന്തബിരുദവും നേടി. തൃശ്ശൂർ പിജി സെന്ററിൽ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ കാലയളവിൽ എംഎസ്എഫ് മണ്ഡലം, ജില്ലാ, സംസ്ഥാന ചുമതലകൾ വഹിച്ചിട്ടുണ്ട്. യൂത്ത് ലീഗിൻ്റെ നേതൃസ്ഥാനങ്ങളിലും മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീനിലകളിലും പ്രവർത്തിച്ച റഷീദ് നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രെസിഡണ്ടാണ്.
1991ഇൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പികെകെ ബാവയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയും, 1995 മുതൽ 2005 വരെ രണ്ട് തവണകളിലായി ജില്ലാപഞ്ചായത് അംഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. 2011 മുതൽ 2016 വരെ ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഓട്ടോകാസ്റ്റ് ചെയർമാനായിരുന്നു, ഈ കാലത്താണ് ഇന്ത്യൻ റെയിൽവേക്കുവേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഓട്ടോകാസ്റ്റുമായി കരാർ ഉണ്ടാക്കുന്നത്. പൊന്നാനി എംഐ ഹയർ സെക്കണ്ടറി സ്‌കൂളിലെ എക്കണോമിക്സ് അദ്ധ്യാപികയായ ഫാത്തിമയാണ് ഭാര്യ.

Comments are closed.