തിങ്കളാഴ്ച്ച പണിത കുളപ്പടവുകൾ ചൊവ്വാഴ്ച തകർന്നു – വിവാദങ്ങൾ വിട്ടൊഴിയാതെ പൂക്കുളം

ചാവക്കാട് : ചാവക്കാട് നഗരസഭ രണ്ടു കോടി ചിലവിൽ പുനർ നിർമിക്കുന്ന പൂക്കുളത്തിന്റെ നിർമ്മാണ പ്രവർത്തികളിൽ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. 2019 ൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയ കുളത്തിന് വേണ്ടി ഒരു കോടി 46 ലക്ഷം രൂപ ചിലവാക്കിയതിൽ അഴിമതിയും നിർമാണത്തിൽ ആശാസ്ത്രീയതയും ആരോപിച്ച് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെ തിങ്കളാഴ്ച്ച പണിത കുളത്തിന്റെ പടവുകൾ ചൊവ്വാഴ്ച തകർന്നു വീണു.

പടവുകളുടെ രണ്ടാംഘട്ട നിർമ്മാണമാണ് തിങ്കളാഴ്ച്ച പൂർത്തിയാക്കിയത്. വെള്ളത്തിൽ പണിതതാണ് പടവുകൾ തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഒന്നാംഘട്ടത്തിൽ നാല് പടികൾ നിർമിച്ചിരുന്നു. വെള്ളം പൂർണ്ണമായും വറ്റിച്ചാണ് അന്ന് പടവുകൾ നിർമിച്ചത്. എന്നാൽ അതിനുമുകളിലായി കരയിലേക്ക് ബന്ധിപ്പിക്കാനായി പണിത പടവുകളാണ് തകർന്നത്.
പൂക്കുളം പ്രവേശന കവാടവും നടപ്പാതയും നിർമ്മിക്കുന്നതിനായി 2025 ൽ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പ്രവർത്തികളാണ് ഇപ്പോൾ നടന്നു വരുന്നത്. 2019 ൽ കുളത്തിന്റെ വശങ്ങളിൽ നിർമിച്ച ബീമുകൾ ചെരിഞ്ഞിരുന്നു. അത് പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
2019 ൽ ആരംഭിച്ച പൂക്കുളം നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ തകർന്ന കുളപ്പടവിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

Comments are closed.