പിണറായി വിജയന്റെ മകൻ ഗുരുവായൂർ അമ്പലത്തിൽ; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന് മർദ്ദനം

ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ദർശനത്തിന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ലെങ്കിലും ഈ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാറിനൊപ്പമാണ് വിവേക് കിരൺ ക്ഷേത്രത്തിൽ എത്തിയത്. ഇവർ ദർശനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകൻ രാജു തന്റെ ഫോണിൽ പകർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകൻ എന്ന നിലയിൽ വാർത്താ പ്രാധാന്യമുള്ളതിനാലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഉടൻ തന്നെ ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പറയുന്നു.

സാധാരണയായി വിവിഐപികൾ ക്ഷേത്രത്തിൽ എത്തുമ്പോൾ ദേവസ്വം അധികൃതർ മാധ്യമങ്ങളെ അറിയിക്കാറുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ മകന്റെ സന്ദർശനം സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നില്ല. മാധ്യമപ്രവർത്തകന്റെ ഫോൺ പിടിച്ചുവാങ്ങാനും ദൃശ്യങ്ങൾ നശിപ്പിക്കാനും ഉദ്യോഗസ്ഥർ ശ്രമിച്ചത് മറ്റു മാധ്യമപ്രവർത്തകർക്കിടയിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

Comments are closed.