മുഖ്യമന്ത്രിക്കയച്ച കത്തുകൾ തിരിച്ചയച്ച സംഭവം: കാവൽ മുഖ്യമന്ത്രി ഓഫീസ് പ്രവർത്തിച്ചിരുന്നില്ലേ ? – നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി

ചാവക്കാട്: മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് പൊതുജനങ്ങൾ അയച്ച രെജിസ്ട്രേഡ് കത്തുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കില്ലെന്ന് കാണിച്ച് മടക്കിയ സംഭവത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി. സെക്രെട്ടറിയേറ്റിൽ കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനക്ഷമം ആയിരുന്നപ്പോഴാണ് കത്ത് മടക്കി അയച്ചിട്ടുള്ളത്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി ചീഫ് സെക്രെട്ടറിയ്ക്ക് നൽകിയത്. 2026 മെയ് 4-ന് കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ചു. തുടർന്ന് അദ്ദേഹത്തോട് കാവൽ മുഖ്യമന്ത്രിയായി തുടരുവാൻ ഗവർണർ ചുമതലപ്പെടുത്തി. അന്ന് മുതൽ കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് കാണിച്ച് ഓഫീസിലെ ജീവനക്കാർ ആനുകൂല്യവും കൈപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് വരുന്ന കത്തുകൾ തിരിച്ച് അയയ്ക്കാതെ സെക്രെട്ടറിയേറ്റിൽ കൈപ്പറ്റി പുതിയ സർക്കാറിന് കൈമാറുവാൻ ചീഫ് സെക്രെട്ടറി സംവിധാനവും എർപ്പുടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ പൊതു ജനത്തിന്റെ കത്തുകൾ സെക്രെട്ടറിയേറ്റിൽ കൈപ്പറ്റാതെ തിരിച്ചയച്ച നടപടി അന്വേഷിക്കണം. ഓഫീസ് അടച്ചതായി കാണിച്ച് തപാൽ വകുപ്പ് മുഖ്യമന്ത്രിയെ അഡ്രസ് ചെയ്യുന്ന കത്തുകൾ തിരിച്ച് മടക്കുമ്പോഴും കാവൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിക്കപ്പെട്ടിരുന്ന സർക്കാർ ജീവനക്കാർ ആനുകൂല്യം കൈപ്പറ്റിയത് അംഗീകരിക്കുവാൻ കഴിയില്ലെന്നും അന്വേഷിച്ച് നടപടി വേണമെന്നാണ് പരാതിയിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്. പാവറട്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ ഷഫ്‌ന മുഖ്യമന്ത്രിക്ക് അയച്ച രെജിസ്ട്രേഡ് കത്ത് ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് കാണിച്ച് തപാൽ വകുപ്പ് മടക്കിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.


Comments are closed.