വെള്ളം കിട്ടാത്ത കണക്ഷനുകൾക്ക് ബിൽ ഒഴിവാക്കും; പ്രവൃത്തി വൈകിപ്പിക്കുന്ന കരാറുകാർക്കെതിരെ കർശന നടപടി

ചാവക്കാട്: വെള്ളം ലഭിക്കാത്ത ജൽജീവൻ മിഷൻ കണക്ഷനുകളുടെ ബില്ലുകൾ ഒഴിവാക്കാനും, നിർമ്മാണം വൈകിപ്പിക്കുന്ന കരാറുകാർക്കെതിരെ ടെർമിനേഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാനും ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കടപ്പുറം ഗ്രാമപഞ്ചായത്തിൽ പൈപ്പുകൾ എത്തിച്ചിട്ടും പൈപ്പിടുന്ന പ്രവൃത്തി തുടങ്ങാത്ത കരാറുകാരനെതിരെ ടെർമിനേഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും. കടപ്പുറത്തെ കുടിവെള്ള ടാങ്ക് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാനും നിർദ്ദേശം നൽകി.

ദേശീയപാത അതോറിറ്റിയുടെ കാന നിർമ്മാണം വൈകുന്നതുമൂലം കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിലും വിതരണത്തിലും നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാൻ സർക്കാരിനും ദേശീയപാത അതോറിറ്റിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകും. ദേശീയപാത നിർമ്മാണം പൂർത്തീകരണഘട്ടത്തിൽ ആയതിനാൽ കടപ്പുറം പഞ്ചായത്തിലെ വാട്ടർ ടാങ്കിലേക്ക് ദേശീയപാത വഴി പൈപ്പിടുന്ന നടപടികൾ വേഗത്തിലാക്കണം. ദേശീയപാത അതോറിറ്റിക്ക് അടക്കാനുള്ള 3.98 കോടി രൂപ അടിയന്തരമായി അടക്കാനും തീരുമാനിച്ചു.
ഒരുമനയൂർ വാട്ടർ ടാങ്ക് ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ ടെണ്ടർ കഴിഞ്ഞെങ്കിലും സർക്കാരിന്റെ തുടർനിർദ്ദേശം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇത് ‘നഗരസഞ്ചയ’ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. മുനക്കക്കടവ് പി.ഡബ്ലിയു.ഡി റോഡ് പുനർനിർമ്മാണത്തിനായി 70 ലക്ഷം രൂപ അടിയന്തരമായി പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കൈമാറാനും വാട്ടർ അതോറിറ്റിക്ക് എം.എൽ.എ നിർദ്ദേശം നൽകി.
ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സേവ്യർ പി.കെ, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഹസ്സൻ തളികശ്ശേരി, കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് വി.എ മനാഫ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രമോദ്, വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ എച്ച് ജെ നീലിമ, ലിസ്സി ജോർജ്ജ്, സജിത്ത്, തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.


Comments are closed.