mehandi banner desktop
Chavakkad online

അകലാട് സർവീസ് റോഡിന്റെ ദുരവസ്ഥ; ഹൈവേ നിർമ്മാണ കമ്പനി ഓഫീസ് ഉപരോധിച്ച് മുസ്ലിം യൂത്ത് ലീഗ്

fairy tale

പുന്നയൂർ : അകലാട് സ്കൂൾ മുതൽ ഒറ്റയ്നി വരെയുള്ള ദേശീയപാത സർവീസ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ ആറുമാസത്തിലേറെയായി പൂർത്തിയാകാതെ കിടക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ഹൈവേ നിർമ്മാണ കമ്പനിയുടെ ഓഫീസ് ഉപരോധിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന റോഡ് പൊളിക്കുകയും ഓട നിർമ്മാണത്തിനായി കുഴിയെടുക്കുകയും ചെയ്തെങ്കിലും പല ഭാഗങ്ങളിലും പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിച്ചതോടെ വാഹനഗതാഗതം ദുഷ്കരമാവുകയും വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപവാസികളുടെ വീടുകളിലേക്കുമുള്ള യാത്ര ഏറെ പ്രയാസകരമാവുകയും ചെയ്തതായി സമരക്കാർ ആരോപിച്ചു.

planet fashion

നിർമാണം പൂർത്തിയാകാത്തതിനാൽ ചാവക്കാട്–പൊന്നാനി റൂട്ടിലെ ബസുകൾ അകലാട് ജംഗ്ഷനിലേക്ക് പ്രവേശിക്കാതെ ദേശീയപാതയിലൂടെ സർവീസ് നടത്തുകയാണ്. ഇതുമൂലം യാത്രക്കാർക്ക് ഉയർന്ന സ്ലാബുകൾ മറികടന്ന് ദേശീയപാതയിലെത്തി ബസിൽ കയറേണ്ട ദുരിതാവസ്ഥയാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരനടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണ കമ്പനിയുടെ ഓഫീസ് ഉപരോധിച്ചത്.

തുടർന്ന് നടന്ന ചർച്ചയിൽ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ തേജ് റാത്തി പ്രസിഡണ്ട്‌ കെ എ ആഫിഖുമായി ഫോണിൽ സംസാരിക്കുകയും അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് എത്രയും വേഗം പണി പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് സമരക്കാർ ഉപരോധം അവസാനിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. എ. ആഫിഖ്, ജനറൽ സെക്രട്ടറി ഇസ്മായിൽ,വാർഡ് മെമ്പർ മുഹമ്മദ് അസ്‌ലം, ഷാഫി കൂളിയാട്ട്, മുത്തലിബ്, ഫർസിൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.