mehandi banner desktop
Chavakkad online

കടലിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം: വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് പി ക്ക് പരാതി നൽകി

fairy tale

തളിക്കുളം: കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ, രക്ഷപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാരൻ കടലിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ കുറ്റക്കാരനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് (എസ്.പി) പരാതി നൽകി. രക്ഷപ്പെട്ട അബ്ദുൽ റഹ്മാന്റെ പിതാവ് തളിക്കുളം ത്രിവേണി പുതിയവീട്ടിൽ കാജാ മൊയ്തീനാണ് പരാതിക്കാരൻ. ഇക്കഴിഞ്ഞ 18-നായിരുന്നു സംഭവം നടന്നത്. തളിക്കുളം തമ്പാൻകടവ് അറപ്പത്തോടിനു സമീപം കടലിൽ കുളിക്കുകയായിരുന്ന തൃത്തല്ലൂർ കമലാ നെഹ്റു സ്കൂളിലെ വിദ്യാർത്ഥി നാദിർഷയാണ് തിരമാലയിൽപ്പെട്ട് മുങ്ങിമരിച്ചത്. നാദിർഷയോടൊപ്പം ഉണ്ടായിരുന്ന സഹപാഠി അബ്ദുൽ റഹ്മാനെയാണ് പ്രദേശവാസിയായ ഒരാൾ ക്രൂരമായി മർദിച്ചത്. അബ്ദുൽ റഹ്മാന്റെ കഴുത്തുപിടിച്ച് നാട്ടുകാരൻ പലതവണ കടലിൽ മുക്കിപ്പിടിക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മർദനമേറ്റ് ബോധരഹിതനായ കുട്ടിയെ ആദ്യം തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃത്തല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് നിലവിൽ കുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വിദ്യാർത്ഥിയെ മർദിക്കാതെ അക്രമി കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ നാദിർഷായുടെ വിലപ്പെട്ട ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അബ്ദുൽ റഹ്മാനെ കടലിൽ മുക്കിക്കൊല്ലാൻ ശ്രമിക്കാതെ ഇരുന്നിരുന്നെങ്കിൽ മകനും ഒപ്പമുണ്ടായിരുന്നവർക്കും ചേർന്ന് നാദിർഷായെ കരയ്ക്കെത്തിക്കാൻ കഴിയുമായിരുന്നുവെന്നും കാജാ മൊയ്തീൻ വ്യക്തമാക്കി. നിലവിൽ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകൾ മാത്രം ചുമത്തിയാണ് വാടാനപ്പള്ളി പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതിൽ പ്രതിഷേധിച്ചാണ് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം റൂറൽ എസ്.പിയെ സമീപിച്ചത്.

planet fashion

Comments are closed.