mehandi banner desktop
Chavakkad online

താൽക്കാലിക എ. ഇയുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണം: പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

Ft

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തിരുന്ന താൽക്കാലിക അസിസ്റ്റന്റ് എൻജിനീയർ നടത്തിയ അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഭരണസമിതി തള്ളിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കാൻ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയർ അപേക്ഷകനോട് പണം ആവശ്യപ്പെട്ടത് കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസിനുള്ളിൽ പരസ്യമായ തർക്കത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ സ്ഥാനം രാജിവെച്ച് പോവുകയായിരുന്നു.ഇയാൾ ചുമതലയേറ്റതു മുതലുള്ള എല്ലാ ഫയലുകളിലും കൃത്രിമം കാണിച്ച് അപേക്ഷകരിൽ നിന്ന് പണം വാങ്ങിയതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. മുൻകാല ഓഫീസർമാർ നിയമതടസ്സങ്ങളാൽ മാറ്റിവെച്ച ഫയലുകൾ പോലും ഇയാൾ നിയമവിരുദ്ധമായി തീർപ്പാക്കിയതായും, ഇയാളുടെ മേൽനോട്ടത്തിൽ നടന്ന പൊതുമരാമത്ത് പ്രവൃത്തികളിൽ വലിയതോതിൽ അഴിമതി നടന്നിട്ടുണ്ടെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു.ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിൽ താൽക്കാലിക എ. ഇയുടെ രാജി അംഗീകരിക്കുന്നതിനോടൊപ്പം ഇയാൾ നടത്തിയ അഴിമതികളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി ഇത് അഗീകരിച്ചില്ല. തുടർന്നാണ് പഞ്ചായത്ത് അംഗങ്ങളായ ബാബു മാസ്റ്റർ, ഷൈബ ദിനേശൻ, ഷെഫീന മുനീർ, ഷൈമജ നസീർ, ഫൗസിയ ഹാഷിം എന്നിവർ യോഗം ബഹിഷ്കരിച്ച് പുറത്തുപോയത്.ഭരണസമിതി അന്വേഷണ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ തൃശ്ശൂർ വിജിലൻസ് ഡിവൈ.എസ്.പിക്ക് പരാതി നൽകി.

Jan oushadi

Comments are closed.