mehandi banner desktop
Chavakkad online

അഷ്ടമിരോഹിണി: ഗുരുവായൂരിൽ ഭക്തജനപ്രവാഹം; 40,000 പേർ പിറന്നാൾ സദ്യയുണ്ടു

Ft

ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ സുദിനമായ അഷ്ടമിരോഹിണി ആഘോഷങ്ങളിൽ ഭക്തിസാന്ദ്രമായി ഗുരുവായൂർ ക്ഷേത്രം. കണ്ണനെ ഒരുനോക്ക് കണ്ട് തൊഴാൻ പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയത്. പുലർച്ചെ മുതൽ ദർശനത്തിനായി വൻ ഭക്തജനത്തിരക്കും നീണ്ട നിരയുമാണ് അനുഭവപ്പെട്ടത്.

Jan oushadi

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിനകത്ത് ദർശനത്തിന് ശേഷമുള്ള സാധാരണ പ്രദക്ഷിണവും ശയനപ്രദക്ഷിണവും അനുവദിച്ചില്ല. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വി.ഐ.പി ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയത് സാധാരണക്കാരായ ഭക്തർക്ക് വലിയ ആശ്വാസമായി.

ഉത്സവാന്തരീക്ഷം പകർന്ന് നടന്ന കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വർണക്കോലം ഏറ്റി. തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണത്തിൽ അരങ്ങേറിയ പഞ്ചാരിമേളം രാവിലെ ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി. ഉച്ചതിരിഞ്ഞ് ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും അരങ്ങേറി.

വിപുലമായ ഒരുക്കങ്ങളോടെയാണ് ഇത്തവണത്തെ പിറന്നാൾ സദ്യ സംഘടിപ്പിച്ചത്. അന്നലക്ഷ്മി ഹാൾ, ക്ഷേത്രത്തിന് പുറത്തെ പന്തൽ, തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ നടപ്പന്തൽ എന്നിവിടങ്ങളിലായി രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച സദ്യയിൽ നാൽപ്പതിനായിരത്തോളം ഭക്തർ പങ്കെടുത്തു. രസകാളൻ, പുളിഞ്ചി, ഓലൻ, അവിയൽ, ഉപ്പിലിട്ടത്, വറുത്തുപ്പേരി, പപ്പടം, പാൽപ്പായസം തുടങ്ങിയ വിഭവങ്ങളാണ് സദ്യയ്ക്കായി വിളമ്പിയത്.

അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാടായ നെയ്യപ്പ നിവേദ്യത്തിനായി 41,000-ത്തോളം അപ്പങ്ങളാണ് തയ്യാറാക്കിയത്. ഇതിനുപുറമെ പത്ത് ലക്ഷം രൂപയുടെ പാൽപ്പായസവും നിവേദിച്ചു. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ എൺപതോളം കീഴ്ശാന്തി നമ്പൂതിരിമാർ പുലർച്ചെ മുതൽ തിടപ്പള്ളിയിലും വാതിൽമാടത്തിലുമടക്കം പ്രത്യേക അടുപ്പുകൾ കൂട്ടി നറുനെയ്യിലാണ് അപ്പവും പായസവും തയ്യാറാക്കിയത്. രാത്രി അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ച ശേഷം ഇവ ഭക്തർക്ക് വിതരണം ചെയ്തു.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം അധികൃതരും ജീവനക്കാരും ചേർന്ന് ഭക്തർക്കായി ഒരുക്കിയത്.

Comments are closed.