പുന്നയൂർ പഞ്ചായത്തിലെ ദേശീയപാത യാത്രാദുരിതം: എൻട്രി, എക്സിറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

പുന്നയൂർ : ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ൽ നിലവിലുള്ള യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ശ്രീ. വിപിൻ കുമാറിനെ നേരിൽ കണ്ട് പഞ്ചായത്ത് ഭരണസമിതി നിവേദനം സമർപ്പിച്ചു. മന്നലാംകുന്ന് മുതൽ പഞ്ചായത്ത് അതിർത്തി വരെയുള്ള ഭാഗങ്ങളിൽ എൻട്രി, എക്സിറ്റ് സംബന്ധമായ മുഴുവൻ പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ചർച്ച നടത്തിയത്.നിലവിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലായി ഒരു എക്സിറ്റ് ഉണ്ടെങ്കിലും, പ്രദേശവാസികളുടെ യാത്രാദുരിതം പൂർണ്ണമായും ഒഴിവാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ആവശ്യമാണ്. ഇതിന്റെ ഭാഗമായി എടക്കയൂർ സെന്റർ കഴിഞ്ഞിട്ട് ഒരു പുതിയ എൻട്രി കൂടി അനുവദിക്കുന്നത് അത്യാവശ്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.പി. രാജേന്ദ്രൻ മാസ്റ്റർ, ബന്ധപ്പെട്ട വാർഡ് മെമ്പർ എന്നിവരുടെ നേതൃത്വത്തിലാണ് ഹൈവേ ഓഫീസിൽ നേരിട്ടെത്തി അധികാരികൾക്ക് നിവേദനം കൈമാറിയത്. പൊതുജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ആവശ്യമായ എൻട്രി, എക്സിറ്റുകൾ ലഭ്യമാക്കാൻ ശക്തമായ ഇടപെടലുകളാണ് പഞ്ചായത്ത് ഭരണസമിതി നടത്തിവരുന്നത്. ഈ വിഷയത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




Comments are closed.