മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ പഴയ രീതിയിലേക്ക് മാറ്റണം: മത്സ്യത്തൊഴിലാളി കോൺഗ്രസ്

കടപ്പുറം : മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പഴയ രീതിയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി ആവശ്യപ്പെട്ടു.കാലാകാലങ്ങളായി അതാത് ജില്ലാ കേന്ദ്രങ്ങളിലാണ് യാനങ്ങളുടെ രജിസ്ട്രേഷൻ നടന്നിരുന്നത്. ഒരു ഫോം പൂരിപ്പിച്ച് നൽകുമ്പോൾ ഉദ്യോഗസ്ഥർ നേരിട്ടെത്തി യാനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം രജിസ്ട്രേഷൻ ഫീസും ക്ഷേമനിധിയും മാത്രമാണ് ഈടാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറങ്ങിയ പുതിയ ഉത്തരവുകൾ (G.O (Rt) No. 560/2025/F&P) മത്സ്യത്തൊഴിലാളികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.24 മീറ്ററിന് മുകളിലുള്ള പുതിയതും പഴയതുമായ യാനങ്ങൾക്ക് രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ എംപാനൽഡ് സർവേയർമാർ നൽകുന്ന കണ്ടീഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് മൂലം തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപയിലധികം അധിക ചെലവ് വഹിക്കേണ്ടി വരുന്നു. സർക്കാരിനോ ഫിഷറീസ് വകുപ്പിനോ യാതൊരുവിധ ലാഭവും ഇല്ലാത്ത ഈ ഉത്തരവ് തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതാണ്. കഴിഞ്ഞ വർഷം ഉത്തരവ് ഇറങ്ങിയതിനു ശേഷം പണി പൂർത്തിയാക്കി ഇറങ്ങിയ യാനങ്ങൾക്ക് ഇതുവരെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ കടലിൽ വെച്ച് കോസ്റ്റ് ഗാർഡിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും പരിശോധന നേരിടുമ്പോൾ തൊഴിലാളികൾ അമിത പിഴയും നിയമനടപടികളും നേരിടേണ്ടി വരുന്ന സാഹചര്യം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.തൊഴിലാളികളെ ദ്രോഹിക്കുന്ന ഈ ഉത്തരവ് സർക്കാർ അടിയന്തരമായി മരവിപ്പിക്കണമെന്നും പഴയ രീതിയിലുള്ള രജിസ്ട്രേഷൻ നടപടികൾ പുനഃസ്ഥാപിക്കണമെന്നും സി. മുസ്താഖ് അലി ആവശ്യപ്പെട്ടു.




Comments are closed.