mehandi banner desktop
Chavakkad online

വാതക ശ്മശാനം തുറന്നുനൽകുന്നതിൽ അനാസ്ഥ: പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു

Ft

​പുന്നയൂർ: അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും ആധുനിക വാതക ശ്മശാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. തുടർന്ന് പഞ്ചായത്ത് കവാടത്തിൽ അംഗങ്ങൾ ധർണ്ണ നടത്തി.​2026 ജൂലൈ 5-ന് ചേർന്ന സർവകക്ഷി യോഗത്തിൽ, ശ്മശാനത്തിലെ തകരാറുകൾ ജൂലൈ 25-നകം പരിഹരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജൂലൈ അവസാനം വരെ നിർമ്മാണ കമ്പനിയുമായി കരാർ ഒപ്പിടാൻ പോലും ഭരണസമിതി തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പിന്നീട് സെപ്റ്റംബർ 6-നകം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന വ്യവസ്ഥയിലാണ് പുതിയ കരാറുണ്ടാക്കിയത്.​കരാറിലെ വ്യവസ്ഥകൾ പ്രകാരം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശ്മശാനം പൂർണ്ണ സജ്ജമാണെന്നും, ട്രയൽ റൺ നടത്തി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും കാണിച്ച് സെപ്റ്റംബർ 9-ന് നിർമ്മാണ കമ്പനി പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത ഭരണസമിതി, സെപ്റ്റംബർ 23-ന് ചേർന്ന പഞ്ചായത്ത് യോഗത്തിന്റെ അജണ്ടയിൽ പോലും വിഷയം ഉൾപ്പെടുത്തിയില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. മൂന്നും നാലും സെന്റുകളിൽ കഴിയുന്ന സാധാരണക്കാരുടെ അത്യാവശ്യമായ ശ്മശാനം മനഃപൂർവ്വം തുറന്നുകൊടുക്കാതിരിക്കാനുള്ള സമീപനമാണ് ഭരണസമിതിയുടേത്.​ഗുരുതരമായ ഈ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളായ ബാബു മാസ്റ്റർ, ഷൈബ ദിനേശൻ, ഷെഫീന മുനീർ, ഷൈമജ നസീർ, ഫൗസിയ ഹാഷിം എന്നിവർ യോഗം ബഹിഷ്കരിച്ച് പ്രതിഷേധ ധർണ്ണ നടത്തിയത്. പഞ്ചായത്ത് കവാടത്തിൽ നടന്ന സമരത്തിന് എം.എ. വഹാബ്, കെ.ബി. ഫസലുദ്ദീൻ, ടി.എം. വിക്രമൻ, വി.കെ. ഇർഷാദ്, കെ.വി. അബ്ദുൽ കരീം, സുഹറ ബക്കർ എന്നിവർ നേതൃത്വം നൽകി. ആധുനിക വാതക ശ്മശാനം അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Jan oushadi

Comments are closed.