ടി.എൻ. പ്രതാപൻ യുഡിഎഫിന്റെ അന്തകൻ: കേരള കോൺഗ്രസ്

ചാവക്കാട്: ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് യുഡിഎഫിനെ തകർക്കാൻ ശ്രമിക്കുന്ന ടി.എൻ. പ്രതാപൻ മുന്നണിയുടെ അന്തകനാണെന്ന് കേരള കോൺഗ്രസ്. ഗുരുവായൂർ നിയോജക മണ്ഡലം പ്രവർത്തക യോഗത്തിലാണ് പ്രതാപന്റെ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനമുയർന്നത്.സംസ്ഥാനത്ത് ശക്തമായ യുഡിഎഫ് തരംഗമുണ്ടായപ്പോഴും മണലൂരിൽ പരാജയപ്പെട്ട പ്രതാപൻ മുന്നണി മര്യാദകൾ ലംഘിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. എഐസിസി സെക്രട്ടറി സ്ഥാനത്തിരുന്ന് കേരള കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്ന തരംതാണ തറ രാഷ്ട്രീയമാണ് അദ്ദേഹം കളിക്കുന്നത്. കേരള കോൺഗ്രസിൽ നിന്ന് ആരൊക്കെ മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. മന്ത്രിമോഹം മൂത്ത് അധികാരക്കൊതിപൂണ്ട ചില നേതാക്കളെ സംരക്ഷിക്കാൻ ഘടകകക്ഷി നേതാക്കളെ അധിക്ഷേപിക്കുന്ന ‘ഫീസില്ലാ വക്കീൽ’ കളിയാണ് പ്രതാപൻ നടത്തുന്നത്. അദ്ദേഹത്തെ നിലയ്ക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം ഉടൻ ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ച യോഗം സീനിയർ നേതാവ് ഇ.ജെ. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.ടി. ബാബു മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കുര്യൻ പനക്കൽ, ഇ.എം. സാജൻ, ശശി പഞ്ചവടി, ഇ.ജെ. ജോർജ്, ബെന്നി ചെറുവത്തൂർ, പി.വി. വത്സൻ, മുഹമ്മദ് ഷാഫി, സേവ്യർ ചീരൻ, പി. ഗോപകുമാർ, ഇ.എൽ. തോമസ്, ദാസൻ പാരത്തി, ജോസ് മണി തുടങ്ങിയവർ പ്രസംഗിച്ചു.




Comments are closed.