ഭരണകൂടം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങളെ – എൻ കെ അക്ബർ

ചാവക്കാട്: ഭരണകൂടം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്ന് എൻ കെ അക്ബർ. ചാവക്കാട് കോ ന്യൂസ് ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 99% മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂടത്തിന്റെ മടിത്തട്ടിലാണെന്നും ഭരണകൂടത്തിനെതിരെ എഴുതുന്നവരെ വ്യാജ കേസുകളിൽ പ്രതി ചേർത്ത് ജയിലിൽ അടക്കുന്നതാണ് കാണുന്നത്. ജനാധിപത്യത്തിലെ ഏറ്റവും വലിയ പ്രത്യേകത വിയോജിപ്പുകൾ പറയാനുള്ള സ്വാതന്ത്ര്യമാണെന്നും അങ്ങനെയുള്ള പത്രപ്രവർത്തകർക്ക് സംരക്ഷണം നൽകുക എന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും എൻ കെ അക്ബർ എം എൽ എ പറഞ്ഞു. പുകഴ്ത്തി പറയൽ മാത്രമല്ല പത്രപ്രവർത്തനമെന്നും, സൃഷ്ടിപരമായ എഴുത്തുകൾ മാധ്യമപ്രവർത്തനത്തിൽ ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ സാംസ്കാരിക നായകനും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞു മുഹമ്മദ് മുഖ്യാതിഥിയായി. കോ ന്യൂസ് ചീഫ് എഡിറ്റർ എം.വി ഷക്കീൽ അധ്യക്ഷത വഹിച്ചു. ബ്രോഡ്കാസ്റ്റ് ഹെഡ് സലീം ഐഫോക്കസ് സ്വാഗതം ആശംസിച്ചു. കോ ന്യൂസ് ഒരുക്കുന്ന മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ‘ ദി വോയിസ് ഓഫ് ഇഷ്ഖ്ന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
ചാവക്കാട്ടെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ടി വിൻസെന്റ്, ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഫാരിദ, ഗാന രചയിതാവ് സൈനുദ്ദീൻ ഇരട്ടപ്പുഴ, മെഹദി ആവാസ് സ്ഥാപകനും സംഗീത ഉപാസകനുമായ കീക്കോട്ട് ഹൈദ്രോസ്കോയ തങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച ക്രിയേറ്റീവ് ആർട്ടിസ്റ്റ് വി എ നിഷാദ്, മികച്ച യുവ നർത്തകി റിയ റൈനസ്, സിനിമ-സീരിയൽ ആർട്ടിസ്റ്റ് ഫൗസിയ എന്നിവർക്ക് പ്രതിഭാ പുരസ്കാരം നൽകി.
ചാവക്കാട് മുൻസിപ്പാലിറ്റി ചെയർമാൻ എ.എച്ച് അക്ബർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് z പി.പി ഷിബു, ചാവക്കാട് പ്രസ്സ് ഫോറം പ്രസിഡണ്ട് റാഫി വലിയകത്ത്, ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, എച്ച് എസ് ഗ്രൂപ്പ് ചെയർമാൻ എച്ച് എസ് നാസർ, എ കെ പി എ ചാവക്കാട് മേഖലാ പ്രസിഡണ്ട് കെ കെ മധുസൂദനൻ , ഇശൽ തീരം മാപ്പിളകലാസാഹിത്യവേദി ചെയർമാൻ മുഹ്സിൻ തളിക്കുളം, കേരള മാപ്പിള കലാ അക്കാദമി ജില്ലാ സെക്രട്ടറി നിസമോൾ കരീം, പ്രോഗ്രാം കോഡിനേറ്റർമാരായ എൻ.കെ സിദ്ധി, ദിയാന നസൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കോ ന്യൂസ് എൻവിയോൺമെന്റ് എഡിറ്റർ എൻ.ജെ ജയിംസ് നന്ദി പറഞ്ഞു.



Comments are closed.