സുബ്രഹ്മണ്യൻ കടവ് സ്ലൂയിസിന് ഷട്ടറുകൾ സ്ഥാപിക്കണം: മന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട്: ചേറ്റുവാപാടം സുബ്രഹ്മണ്യൻ കടവ് സ്ലൂയിസിന് അടിയന്തരമായി ഷട്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. എസ്.ടി.യു ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് വി.പി. മൻസൂർ അലിയുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. അലക്സാണ്ടർ നിവേദനം സ്വീകരിക്കുകയും ഷട്ടറുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.45 ലക്ഷം രൂപ ചെലവഴിച്ചാണ് സുബ്രഹ്മണ്യൻ കടവിൽ സ്ലൂയിസ് നിർമ്മിച്ചത്. ചേറ്റുവ പുഴയിൽ നിന്നും വട്ടേക്കാട് തെക്കുവശം, കബർസ്ഥാൻ, ചുള്ളിപാടം തുടങ്ങിയ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് സ്ഥലങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിർമ്മാണം പൂർത്തിയായി എന്ന വ്യാജേന ഷട്ടറുകൾ പോലും സ്ഥാപിക്കാതെയാണ് 2026 ഫെബ്രുവരിയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ലൂയിസിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്ന് നേതാക്കൾ ആരോപിച്ചു.ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസമായിട്ടും ബാക്കിയുള്ള ആറ് ഷട്ടറുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. മഴക്കാലം അവസാനിക്കുന്നതോടെ പുഴയിൽ നിന്ന് മേഖലയിലേക്ക് വ്യാപകമായി ഉപ്പുവെള്ളം കയറാൻ സാധ്യതയുണ്ട്. ഇതോടെ ലക്ഷങ്ങൾ മുടക്കി നടപ്പിലാക്കിയ പദ്ധതി പൂർണ്ണമായും പാഴാകുന്ന അവസ്ഥയിലാണ്.നിവേദക സംഘത്തിൽ ആർട്ടിസാൻസ് ആൻഡ് അൺ സ്കിൽഡ് വർക്കേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എ.വി. അബ്ദുൽ ഗഫൂർ, മുസ്ലിം ലീഗ് വട്ടേക്കാട് വാർഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആർ.ഒ. ബക്കർ, മുസ്ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.വി. ഷെമീർ, അടുത്തിരുത്തി വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.ടി. കലാം എന്നിവരും പങ്കെടുത്തു.




Comments are closed.