
കടപ്പുറം: പാട്ടും കളിയും കഥ പറച്ചിലുമായി അക്ഷരമുറ്റത്ത് വിസ്മയം തീർക്കുന്ന കുരുന്നുകൾ ഇനി മണ്ണറിഞ്ഞും വളരും. കടപ്പുറം ഗ്രാമപഞ്ചായത്തിലെ അടിതിരുത്തി ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വട്ടേക്കാട് ഒൻപതാം നമ്പർ അങ്കണവാടിയിലാണ് ടീച്ചറുടെയും കുരുന്നുകളുടെയും അധ്വാനത്തിൽ കിഴങ്ങ് കൃഷി വൻ വിജയമായത്. അങ്കണവാടി വളപ്പിലെ പരിമിതമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാണ് മികച്ച രീതിയിലുള്ള വിളവെടുപ്പ് നടത്തിയത്.

ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ശീലിപ്പിക്കാനും ഇത്തരം സംരംഭങ്ങൾ വലിയ പ്രചോദനമാണെന്ന് വിളവെടുപ്പ് മഹോത്സവം വിലയിരുത്തി.
കിഴങ്ങ് വിളവെടുപ്പിന്റെ ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സക്കീന ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അഷ്ക്കർ അലി, പഞ്ചായത്ത് മെമ്പർ നജില നജീബ്, കൃഷി ഓഫീസർ നീനു ജോസഫ്, കൃഷി അസിസ്റ്റന്റ് അരുണ പി. തിലകൻ, കൃഷി ഉദ്യോഗസ്ഥരായ ഗീത വി., പി.ടി. ഷംന, മുൻ പഞ്ചായത്ത് മെമ്പർ എ.വി. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
അങ്കണവാടി എ.എൽ.എം.സി അംഗങ്ങളായ മുസ്തഫ, നിഹാദ്, സലീം, അങ്കണവാടി അധ്യാപിക സുജാത, ഹെൽപ്പർ രജിത, ആശാവർക്കർ നഫീസക്കുട്ടി, കുടുംബശ്രീ എ.ഡി.എസ് നസീമ എന്നിവരും അങ്കണവാടിയിലെ കൊച്ചുമിടുക്കരും പരിപാടിയിൽ പങ്കെടുത്തു.



Comments are closed.