ഗുരുവായൂർ ഏകാദശി വിളക്കാഘോഷങ്ങൾക്ക് നാളെ തുടക്കമാകും

ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള മുപ്പതു ദിവസത്തെ വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച ഔദ്യോഗികമായി തുടക്കമാകും. നവംബർ 21-നാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ആഘോഷിക്കുന്നത്.വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ വഴിപാടുകളായാണ് മുപ്പതു ദിവസവും ക്ഷേത്രത്തിൽ ചുറ്റുവിളക്ക് നടക്കുന്നത്. പാലക്കാട് പറമ്പോട്ട് അമ്മിണിയമ്മയുടെ വക ചുറ്റുവിളക്കോടെയാണ് ഈ വർഷത്തെ വിളക്കാഘോഷങ്ങൾക്ക് തിക്കത്രിളേകുന്നത്. തുടർന്നുളള ദിവസങ്ങളിൽ മർച്ചന്റ്സ് അസോസിയേഷൻ, ഗുരുവായൂർ പോലീസ്, നീതി വിളക്ക്, പോസ്റ്റൽ വിളക്ക് തുടങ്ങിയ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വക വിളക്കുകൾ നടക്കും. ആഘോഷങ്ങളുടെ അവസാന ദിവസങ്ങളിൽ പുരാതന തറവാട്ടുകാരുടെ വകയായുള്ള വിളക്കാഘോഷങ്ങളും ഉണ്ടായിരിക്കും. രാത്രി നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് നറുനെയ്യുപയോഗിച്ച് തെളിയിക്കുന്ന വിളക്കുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ വിവിധ വിശേഷാൽ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. മേളത്തോട് കൂടിയ ശീവേലി എഴുന്നള്ളിപ്പ്, രാത്രിയിലെ വിശേഷാൽ ഇടയ്ക്ക വാദ്യം, നാഗസ്വരം എന്നിവ ഉത്സവത്തിന് കൊഴുപ്പേകും. കൂടാതെ, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളും അരങ്ങേറും.ഏകാദഷിയോടനുബന്ധിച്ചുള്ള പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നവംബർ ആറിന് നടക്കും. നവംബർ ഏഴിന് രാവിലെയാണ് സംഗീതാർച്ചനകൾ ഔദ്യോഗികമായി ആരംഭിക്കുന്നത്. സംഗീതോത്സവത്തോടനുബന്ധിച്ച് ദിവസവും വൈകീട്ട് ആറ് മുതൽ ഒമ്പത് വരെ വിശേഷാൽ സംഗീത കച്ചേരികളും ഉണ്ടായിരിക്കും. നവംബർ 21-ലെ ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വത്തിന്റെ വകയായാണ് പ്രധാന ചുറ്റുവിളക്കാഘോഷം നടക്കുന്നത്.




Comments are closed.