mehandi banner desktop
Chavakkad online

അനുവാദമില്ലാതെ പൂ പറിച്ചതിന് മാപ്പപേക്ഷിച്ച് കത്ത്; സോഷ്യൽ മീഡിയയിൽ തരംഗമായ ആ വൈറൽ താരം ഇവിടെയുണ്ട്

fairy tale

ചാവക്കാട് : ​അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടിൽ നിന്നും പൂക്കൾ പറിച്ചതിന് സങ്കടത്തോടെ വീട്ടുകാരോട് മാപ്പുചോദിച്ചുകൊണ്ട് ഒരു സ്കൂൾ വിദ്യാർത്ഥിനി എഴുതിയ കത്ത് കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ കൊച്ചുമിടുക്കിയുടെ വലിയ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞ ആ വൈറൽ താരത്തെ ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ്.

planet fashion

​എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയായ ഷിഹാനയാണ് ആ കത്തിന് പിന്നിലെ താരം. അകലാട് ഒറ്റയിനി സ്വദേശികളായ ചീരമ്പത്തയിൽ നൗഷാദ്-സഫീന ദമ്പതികളുടെ മകളായ ഷിഹാന ഇപ്പോൾ കുടുംബസമേതം കുന്നംകുളം പെരുമ്പിലാവിലാണ് താമസിക്കുന്നത്.

ബസ്സിറങ്ങി സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് എടക്കഴിയൂർ ക്യുവർ ഫാർമസി ഉടമ നൗഫലിന്റെ വീടും അവിടുത്തെ ചെമ്പക മരവും. തിങ്കളാഴ്ച സ്കൂളിലേക്ക് പോകുന്ന വഴി ഷിഹാനയും കൂട്ടുകാരികളും ഈ ചെമ്പകമരം കാണുകയും, പൂവ് ചോദിക്കാനായി ആ വീട്ടിൽ പോയി കോളിങ് ബെൽ അടിക്കുകയും ചെയ്തു. എന്നാൽ കുറച്ചുനേരം കാത്തുനിന്നിട്ടും ആരെയും കാണാതിരുന്നപ്പോൾ ചെമ്പക മരത്തിൽ നിന്ന് കുറച്ച് പൂവുകൾ പറിക്കുകയും സ്കൂളിൽ പോയി ക്ലാസിലെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. തൊട്ടടുത്ത ദിവസവും ഇതേപോലെ തന്നെ ആ വീട്ടിൽ പോയി കോളിംഗ് ബെൽ അടിച്ച് കാത്തുനിന്നെങ്കിലും ആരെയും കാണാത്തതിനെ തുടർന്ന് പൂക്കൾ പറിച്ചു. ​എന്നാൽ വീട്ടിൽ ഈ ചെമ്പകപ്പൂക്കൾ കണ്ടപ്പോഴുള്ള ചോദ്യമാണ് ഷിഹാനയെ മാറി ചിന്തിപ്പിച്ചത്. വീട്ടുകാരോട് ചോദിച്ചിട്ടാണോ പൂവ് പറിച്ചത് എന്ന ഉമ്മയുടെ ചോദ്യത്തിന് കോളിംഗ് ബെൽ അടിച്ചിട്ടും ആരും വരാത്ത കാര്യം ഷിഹാന വിശദീകരിച്ചു. എങ്കിലും അനുവാദമില്ലാതെ പൂവ് പറിച്ചതിൽ കുറ്റബോധം തോന്നിയ ഷിഹാന, വീട്ടുകാരോട് ക്ഷമാപണം നടത്തി ഒരു കത്തെഴുതി വെക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ കൈയക്ഷരം അത്ര നന്നല്ലാത്തതിനാൽ കൂട്ടുകാരിയായ ഷിഫയോട് കാര്യം പറയുകയും ഷിഹാന പറഞ്ഞ വാക്കുകൾ ഷിഫ കത്തായി ക്ലാസ്സിൽ വെച്ച് തന്നെ എഴുതി നൽകുകയുമായിരുന്നു.

​അന്ന് സ്കൂൾ വിട്ട് പോകുന്ന സമയത്ത് വൈകിയതിനാൽ ലെറ്റർ വീട്ടിൽ വെക്കാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴി ഈ കത്തുമായി നൗഫലിന്റെ വീട്ടിലെത്തിയ ഷിഹാന, അത് വീടിന്റെ സിറ്റൗട്ടിൽ വെക്കുകയും കാറ്റിൽ പറന്നു പോകാതിരിക്കാൻ മുകളിൽ ഒരു ചെറിയ കല്ല് എടുത്തു വെക്കുകയുമായിരുന്നു.

​രാവിലെ സിറ്റൗട്ടിൽ നിന്നും ഈ കത്ത് ലഭിച്ച നൗഫൽ, കുട്ടിയുടെ ഈ നല്ല മനസ്സ് കണ്ട് അത് തന്റെ സോഷ്യൽ മീഡിയ സ്റ്റാറ്റസായി പങ്കുവെച്ചു. “ഷിഫാനാ… നീ നല്ല മനസ്സുള്ള പെൺകുട്ടിയാണ്, ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. നൗഫലിന്റെ ഈ സ്റ്റാറ്റസ് കണ്ട് കോ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഹെഡ് സലീം ഐഫോക്കസ്‌ ഇത് ‘കോ ന്യൂസ്’ വാർത്തയായി നൽകുകയുമായിരുന്നു. വാർത്ത കണ്ട് നിരവധി ആളുകളാണ് ഈ കുട്ടി ആരാണെന്ന് അന്വേഷിച്ച് കോ ന്യൂസിനെ ബന്ധപ്പെട്ടത്. ഒടുവിൽ ആ വൈറൽ താരത്തെ ലോകത്തിന് മുന്നിൽ എത്തിച്ചിരിക്കുകയാണ്.

​അനുവാദമില്ലാതെ മറ്റൊരാളുടെ സാധനം എടുക്കുന്നത് തെറ്റാണെന്ന ബോധ്യവും, അത് തിരുത്താൻ കാണിച്ച ആർജ്ജവവും ഇന്നത്തെ തലമുറയ്ക്ക് വലിയൊരു മാതൃകയാണെന്ന് സോഷ്യൽ മീഡിയ ഒരേസ്വരത്തിൽ പറയുന്നു. തെറ്റുകൾ തുറന്നുപറയാൻ മടിക്കുന്ന ഇന്നത്തെ കാലത്ത് ഷിഹാന കാണിച്ച ഈ മൂല്യം തന്നെയാണ് അവളെ നാടിന്റെ പ്രിയപ്പെട്ടവളാക്കി മാറ്റിയത്.

Comments are closed.