Header

ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി ( ആംബര്‍ഗ്രീസ് ) പിടികൂടി.
മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്.

പാലയൂര്‍ സ്വദേശി ഫൈസല്‍, വാടാനപള്ളി സ്വദേശി റഫീഖ്, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് അറസ്റ്റിലായത്.

ഫോറസ്റ്റ് ഇന്‍ന്റലിജന്‍സ് സ്‌പെശല്‍സ്‌കോഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആവശ്യക്കാരായി ചമഞ്ഞ് സംഘത്തെ ചേറ്റുവ ഐലന്റിനു സപീപത്തേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്തത്.
ജൂണ്‍ രണ്ടാം വാരത്തില്‍ മുംബൈയില്‍ തിമിംഗല ചര്‍ദിയുമായി മൂന്നു പേര്‍ അറസ്റ്റിലായിരുന്നു.

സ്പേം തിമിംഗലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് തിമിംഗല ഛർദ്ദി അഥവാ ആംബര്‍ ഗ്രീസ്. കണ്ടാല്‍ പാറ പോലെ തോന്നുന്ന ഈ ഖരവസ്തുചാരനിറത്തിലുള്ളതും തീപിടിക്കുന്നതുമാണ്. എണ്ണത്തിമിംഗലങ്ങളുടെ കുടലിൽ ഒരു പിത്തസ്രവമായി ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുവാണ് ഇത്. കടലിൽ പ്ലവാവസ്ഥയിലും കടൽത്തീരത്തെ മണലിൽ അടിഞ്ഞും ആംബർഗ്രീസ് കാണപ്പെടാറുണ്ട്.

ആഡംബര പെർഫ്യൂം വ്യവസായത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ ആംബർഗ്രീസ് ‘ഒഴുകുന്ന സ്വര്‍ണ്ണം’ എന്നാണ് അറിയപ്പെടുന്നത്. ഇത് വളരെ അപൂർവ്വമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. പെർഫ്യൂം സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ ആണ് ആംബർഗ്രീസ് എന്ന ഈ അപൂർവ്വ പദാർത്ഥം ഉപയോഗിക്കുന്നത്. എണ്ണത്തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളായതിനാല്‍ ആംബര്‍ഗ്രീസ്കെെവശം വെയ്ക്കുന്നത് കുറ്റകരമാണ്.

തിമിംഗലങ്ങളുടെ കുടലിലാണ് ആംബർഗ്രിസ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തിനൊപ്പം അറിയാതെ ഉള്ളിലാവുന്ന കാഠിന്യവും മൂർച്ചയുമുള്ള വസ്തുക്കളുടെ കുടലിലൂടെയുള്ള നീക്കം എളുപ്പമാക്കാനാണിത്. അതിനാൽ കട്ടിയുള്ളതും മൂർച്ചയുള്ളതുമായ വസ്തുക്കൾ തിമിംഗലങ്ങളുടെ കുടലിന് കേടുപാടുകൾ വരുത്തുന്നില്ല. സാധരണ ഗതിയിൽ ആമ്പർ ഗ്രീസ് മലത്തോടൊപ്പം ആണ് ഈ തിമിംഗലങ്ങൾ പുറത്ത് വിടുക, അതിനപ്പുറം രൂപപ്പെടുന്ന വലിയ ആമ്പർ ഗ്രീസിനെ ഛര്‍ദ്ദിച്ചും പുറത്തേക്ക് കളയുന്നു.

കഴിഞ്ഞ വർഷം തായ്‌ലൻഡിൽ മാത്‍സ്യതൊഴിലാളിക്ക് ലഭിച്ച 100 കിലോ ആംബര്‍ഗ്രീസിന് 23 കോടി രൂപയാണ് പെർഫ്യൂം വ്യാപരികൾ വിലയിട്ടത്

thahani steels

Comments are closed.