mehandi new

അകലാട് വീടിനു തീവെച്ച് മകനെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമം – പിതാവിനെ പോലീസ് തിരയുന്നു

fairy tale

പുന്നയൂർ : അകലാട് രാജ ബീച്ചിന് സമീപം മകനെയും കുടുംബത്തെയും അപായപ്പെടുത്താൻ പെട്രോളൊഴിച്ച് വീട് കത്തിക്കാൻ പിതാവിന്റെ ശ്രമം. പട്ടത്തുവളപ്പിൽ ഷെഫീക്ക് താമസിക്കുന്ന വീടിനാണ് ബുധനാഴ്ച അർധരാത്രി തീയിട്ടത്. ഷെഫീക്കിന്റെ മതാവ് ഫാത്തിമ, ഭാര്യ ബൾക്കീസ് (21), മകൻ ഷംനാദ് (ഒന്ന്‌), സഹോദരി ഷെരീക്കത്ത് (22) എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷെഫീക്കിന്റെ പിതാവ് ഷെരീഫിന്റെ (61) പേരിൽ കൊലപാതകശ്രമത്തിന് വടക്കേക്കാട് പോലീസ് കേസെടുത്തു. കുടുംബവഴക്കാണ് കാരണമെന്ന് പറയുന്നു.

ഷെഫീക്കും ഭാര്യയും കുട്ടിയും കിടക്കുന്ന മുറിക്കാണ് തീയിട്ടത്. മുറിയുടെ ജനലിൽ പെട്രോൾ ഒഴിച്ച് ഉള്ളിലേക്ക് പടക്കം എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മുറിയുടെ സീലിങ്ങും കിടക്കയും പൂർണമായി കത്തിനശിച്ചു. രക്ഷപ്പെടാതിരിക്കാൻ വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ പൂട്ടിയിരുന്നു. തീ പടരുന്നത് കണ്ട്‌, ഷെഫീക്കിന്റെ ഭാര്യ കുട്ടിയെയും എടുത്ത് മുറിക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരും പ്രദേശവാസികളും ചേർന്നാണ് തീയണച്ചത്. അഞ്ച്‌ ലിറ്ററിന്റെ രണ്ട് പെട്രോൾ കന്നാസുകൾ വീടിന് പരിസരത്തുനിന്ന് പോലീസ് കണ്ടെടുത്തു.

കുറച്ചുവർഷങ്ങളായി ഷെരീഫ് വേറെയാണ് താമസിക്കുന്നത്. ഇയാൾക്ക് വേറെ മൂന്ന് ഭാര്യമാരും കുടുംബവും ഉള്ളതായും വീട്ടുകാർ പറയുന്നു. ഷെരീഫിന്റെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ മകൻ ഷെഫീക്കിന്റെ കൈവശമാണ് ഉണ്ടായിരുന്നത്. കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് സഹായധനം ലഭിക്കാൻ ഇയാൾ രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെവന്നപ്പോൾ കഴിഞ്ഞദിവസം പോലീസിൽ പരാതിപ്പെട്ടു. പോലീസ് ഇടപെട്ട് രേഖകൾ എല്ലാം ഷെരീഫിന് നൽകാൻ വീട്ടുകാരോട് നിർദേശിച്ചിരുന്നു. ഇത് കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ ഉണ്ടായ വിരോധമാണ് ആക്രമണത്തിന് വഴിയൊരുക്കിയത്.

Meem travels

Comments are closed.