കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ തൃപ്രയാറിൽ ഇസ്ലാമിക കുടുംബ സംഗമം സംഘടിപ്പിച്ചു

തൃപ്രയാർ: കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇസ്ലാമിക മൂല്യങ്ങൾ കുടുംബജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുമായി തൃപ്രയാർ ഇസ്ലാമിക് സെന്റർ മസ്ജിദിൽ ഇസ്ലാമിക കുടുംബ സംഗമം സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി വിവിധ വിജ്ഞാന-വിനോദ പരിപാടികളോടെ ശ്രദ്ധേയമായി.രാവിലെ 9.30-ന് രജിസ്ട്രേഷനോടെ ആരംഭിച്ച സംഗമത്തിൽ റഷീദ് വലപ്പാട് ഖിറാഅത്ത് നിർവഹിച്ചു. ഇസ്ലാമിക് സെന്റർ മസ്ജിദ് പ്രസിഡന്റ് ബഷീർ സ്വാഗതം ആശംസിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് മുഹമ്മദ് സാലിഹ് ആമുഖ പ്രഭാഷണവും മസ്ജിദ് ഖത്തീബ് കെ.കെ. ഷാജഹാൻ വിഷയാവതരണവും നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മുനീർ സാഹിബ് മുഖ്യപ്രഭാഷണം നിർവഹിച്ചു.കുടുംബജീവിതത്തിന്റെ ഇസ്ലാമിക കാഴ്ചപ്പാട്, കുടുംബബന്ധങ്ങളുടെ പ്രാധാന്യം, മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളിൽ കുടുംബങ്ങൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചടങ്ങിൽ വിശദമായി ചർച്ചയായി. കുടുംബങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കും പരസ്പര സ്നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം കുടുംബ കൂട്ടായ്മകൾ അനിവാര്യമാണെന്ന് പ്രഭാഷകർ വ്യക്തമാക്കി.തുടർന്ന് ഇസ്ലാമിക് സെന്റർ മദ്രസ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി രസകരമായ ഗെയിമുകളും മറ്റു പരിപാടികളും സംഘടിപ്പിച്ചു. ഷിയാദ് മജീദ് സമാപന പ്രസംഗം നടത്തിയ ചടങ്ങിൽ സെക്രട്ടറി അബ്ദുൾ റഹിം നന്ദി രേഖപ്പെടുത്തി. മുഹമ്മദ് സാദിക്, അൻവർ, കഫീൽ, അബ്ദുൾ വാഹിദ്, സത്താർ, ഹനീഫ, അബ്ദുൾ റഹ്മാൻ, അസ്ലം, കുഞ്ഞുമുഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




Comments are closed.