ലഹരിക്കെതിരെ ‘ആർട്ട് അറ്റാക്ക്’; കാൻവാസിൽ പ്രതിരോധം തീർത്ത് പത്താംക്ലാസുകാരി

പാവറട്ടി: ലഹരിയുടെ ഇരുൾവഴികളിലേക്ക് വീണുപോകുന്ന യുവതലമുറയ്ക്ക് വിരലുകളിൽ വിരിഞ്ഞ വർണ്ണങ്ങൾ കൊണ്ട് കാവലൊരുക്കുകയാണ് പാവറട്ടിയിലെ ഒരു കൊച്ചുമിടുക്കി. പാവറട്ടി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചല റാഫിയാണ് ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിനായി ‘ആർട്ട് അറ്റാക്ക്’ എന്ന പേരിൽ വേറിട്ടൊരു ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്.

പ്രകൃതിയുടെ യഥാർത്ഥ ഭംഗിയും മനുഷ്യന്റെ പവിത്രമായ ചിന്തകളും എത്രത്തോളം മനോഹരമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് എയ്ഞ്ചലയുടെ ചിത്രങ്ങൾ. ലഹരിയുടെ ഭീകരതയും അതിനെതിരെയുള്ള പ്രതിരോധവും വിളിച്ചോതുന്ന, വലിയ ക്യാൻവാസുകളിൽ തീർത്ത പതിനഞ്ചോളം ശ്രദ്ധേയമായ രചനകളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കലയെ ആയുധമാക്കിയ എയ്ഞ്ചലയുടെ വേറിട്ട ശ്രമം ഏറെ ശ്രദ്ധേയമായി.
ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻ്റോ ലിജോ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് എസ്.ഐ. സനീഷ് ബാബു വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. സിനി ആർട്ട് ഡയറക്ടർ ജെയ്സൺ ഗുരുവായൂർ, ആർട്ടിസ്റ്റ് ചന്ദ്രൻ, അധ്യാപകരായ റീന ആന്റണി, പി.ആർ. റൈസി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രദർശനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം, ബോധവൽക്കരണ റാലി എന്നിവയും സംഘടിപ്പിച്ചു.

Comments are closed.