mehandi banner desktop
Chavakkad online

ഗുരുവായൂരിൽ സ്ത്രീ വേഷത്തിലെത്തി കഞ്ചാവ് വിൽപ്പന; സംഘത്തലവനും കൂട്ടാളികളും അറസ്റ്റിൽ

Ft

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറേ നടയിൽ സ്ത്രീ വേഷത്തിലെത്തി കുട്ടികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ പ്രസാദ്, ഇയാളുടെ ഒപ്പമുണ്ടായിരുന്ന നാല് കൂട്ടാളികൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

Jan oushadi

ചൊവ്വാഴ്ച രാവിലെ പോലീസ് നടത്തിയ പെട്രോളിംഗിനിടെയാണ് സ്ത്രീ വേഷം ധരിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ പ്രസാദിനെ കണ്ടെത്തിയത്. പേരും വിലാസവും ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടി നൽകിയതിനെ തുടർന്ന് ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തൃശൂരിലെ സ്പായിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ വന്നതാണെന്നാണ് ആദ്യം പറഞ്ഞതെങ്കിലും, പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഇടുക്കി സ്വദേശിയാണെന്നും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും വ്യക്തമായി.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ ഒറ്റയ്ക്കല്ല എത്തിയതെന്നും നാല് കൂട്ടുകാർക്കൊപ്പം ഇന്നോവ കാറിലാണ് ഗുരുവായൂരിലെത്തിയതെന്നും വ്യക്തമായത്. ഇവർ പ്രദേശത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ കണ്ടെത്തുകയും അതിൽ ഒളിപ്പിച്ച നിലയിൽ 16 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.

ഗുരുവായൂരും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്താനാണ് തങ്ങൾ എത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സ്പായിൽ ജോലി ചെയ്തിരുന്ന ഒരു യുവതിയുമായി പ്രസാദിന് മുൻപ് അടുത്ത ബന്ധമുണ്ടായിരുന്നു. മാസങ്ങൾക്കു മുമ്പ് ഇരുവരും വേർപിരിയുകയും യുവതി പിന്നീട് തൃശ്ശൂരിലേക്ക് ജോലി മാറുകയും ചെയ്തിരുന്നു. തന്നെ ഒഴിവാക്കിയതിലുള്ള വൈരാഗ്യം മൂലം യുവതി താമസിക്കുന്ന ലോഡ്ജിൽ കയറി കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പ്രസാദ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് , പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ ബി എൻ എസ് 112 (സംഘടിത കുറ്റകൃത്യം), ജൂവനൈൽ ജസ്റ്റിസ്, ലഹരിമരുന്ന് കൈവശം വയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ടെമ്പിൾ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരായ സന്തീഷ്, റമീസ്, സാജൻ, ശ്രീജ, രഞ്ജിത്ത്, ഗഗേഷ് എന്നിവരുമുണ്ടായിരുന്നു.

Comments are closed.