പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ വിപ്ലവകരമായ മുന്നേറ്റവുമായി ചാവക്കാട്

ചാവക്കാട് : മാലിന്യ മുക്ത നഗരസഭ ലക്ഷ്യത്തിലേക്ക് ചാവക്കാട് നഗരസഭയുടെ വിപ്ലവകരമായ മുന്നേറ്റം. 2023 മുതൽ നടന്നു വരുന്ന മാലിന്യ മുക്ത ജനകീയ ക്യാമ്പയിനുകളിലൂടെയും സർക്കാർ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കെ എസ് ഡബ്ലിയു എം പി എന്നിങ്ങനെ വിവിധ പദ്ധതി പ്രവർത്തനങ്ങളിലൂടെയും ചാവക്കാട് നഗരസഭ ഇതിനോടകം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.

2023 ൽ 2018 വീടുകളിൽ നിന്നും 665 സ്ഥാപനങ്ങളിൽ നിന്നുമായി ആകെ 2983 കിലോ (47%) ആയിരുന്ന പ്ലാസ്റ്റിക് മാലിന്യ വാതിൽപ്പടി ശേഖരണം, 2025 ആയപ്പോഴേക്കും 8698 വീടുകളിൽ നിന്നും 1190 സ്ഥാപനങ്ങളുമായി ആകെ 9897 കിലോ (89.04%) ആയി ഉയർന്നു. 2023-24 സാമ്പത്തിക വർഷം 37,12,262/- രൂപ ശേഖരിച്ചിരുന്ന യൂസർഫി 2025 ൽ 50,36.944/- രൂപയായി. ഹരിതകർമ്മ സേനാംഗങ്ങളുടെ എണ്ണം 31 ൽ നിന്നും 48 ആയി ഉയർത്തി. നഗരപ്രദേശത്തെ വിവിധ സ്ഥലങ്ങളിലായി 30 പൊതുബിന്നുകളും 15 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. 298 അയൽക്കൂട്ടങ്ങളിൽ 266 എണ്ണം ഹരിത അയൽക്കൂട്ടങ്ങളായും 19 വിദ്യാലയങ്ങളിൽ 19 എണ്ണവും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. 77 സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും 7 ടൗൺ പ്രദേശങ്ങളും 11 പൊതു സ്ഥലങ്ങലും 2 കലാലയങ്ങളും 2 ടൂറിസം കേന്ദ്രങ്ങളും പൂർണ്ണമായും ഹരിത പ്രഖ്യാപനം നടത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. നഗരസഭയിലെ 32 വാർഡുകളും ഇതിനോടകം മാലിന്യ മുക്ത വാർഡുകളായി പ്രഖ്യാപിച്ചു.
എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി 150 നിയമ ലംഘനങ്ങൾ കണ്ടെത്തി 4,30,000/- രൂപ പിഴ ചുമത്തി. പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി 14 പോയിൻ്റുകളിലായി 32 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
സാനിട്ടറി മാലിന്യ സംസ്കരണം യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. ഉൾപ്പെടെ നഗര പ്രദേശത്തെ എല്ലാ സ്ക്കൂളുകളിലും വിവിധ സ്ഥാപനങ്ങളിലുമായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിക്കുന്ന പ്രവർത്തി അവസാന ഘട്ടത്തിലാണ്. ഡയപ്പർ ഉൾപ്പെടെയുള്ള സാനിറ്ററി വേസ്റ്റ് ശേഖരിച്ച് കേന്ദ്രികൃതമായി സംസ്കരിക്കുന്നതിന് 1 കോടി 47 ലക്ഷം രൂപ ചിലവിട്ട് ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.
20 വർഷത്തിലധികമായി നഗരസഭയുടെ ട്രഞ്ചിൾ ഗ്രൗണ്ടിൽ കുന്നുകൂടിയിരുന്ന 5000 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം 50 ലക്ഷം രൂപ ചിലവിൽ ബയോമൈനിംഗ് നടത്തി ഭൂമിയുടെ സ്വാഭാവികത വീണ്ടെടുത്ത് ബയോപാർക്ക് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചു വരുന്നു.
ലോക പരിസ്ഥിതി ദിനമായ ഇന്ന് ഉച്ചക്ക് 12 മണിക്ക് മുതുവട്ടൂർ സെൻറിൽ സ്ഥാപിച്ച പരിസ്ഥിതി സന്ദേശ പ്രതിമ നാടിന് സമർപ്പിച്ചുകൊണ്ട് വരുന്ന 6 മാസത്തേയക്കുള്ള വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നഗരസഭ തുടക്കം കുറിക്കും.
ഷീജ പ്രശാന്ത് അധ്യക്ഷയായ ചാവക്കാട് നഗരസഭ കൗൺസിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ മാലിന്യ മുക്ത നാട് എന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായാണ് മുന്നേറുന്നത്.

Comments are closed.