mehandi new

1717ല്‍ ഡച്ചുകാരും 1776ല്‍ മൈസൂര്‍ സൈന്യവും ചാവക്കാട് പിടിച്ചടക്കി 1789 സെപ്തംബര്‍ 26ന് ചാവക്കാട് ബ്രിട്ടീഷുകാരുടെ കീഴിലായി – അധിനിവേശത്തിന്‍റെ ചരിത്ര അവശേഷിപ്പുകളുമായി ഒരു ചുമര്‍

fairy tale

ധിനിവേശത്തിന്‍റെ ചരിത്ര അവശേഷിപ്പുകളുമായി ഒരു ചുമര്‍ ചാവക്കാട് നഗരത്തിന്‍റെ ഹൃദയമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ബ്രിട്ടീഷ്, ജൂത, ഡച്ച് സാമ്രാജ്യത്തിന്‍റെ ഒരു കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ചുമര്‍ ചാവക്കാട് തഹസില്‍ദാരുടെ ഓഫീസിന്‍റെ പുറംചുമര്‍ തന്നെ. ജൂത, ഡച്ച്, ബ്രീട്ടീഷ് അധിനിവേശ സംസ്കാരവുമായി ബന്ധപ്പെട്ട, മങ്ങിപ്പോയ ചരിത്ര വസ്തുതകള്‍ രേഖപ്പെടുത്തിയ ഈ ശിലാരേഖകള്‍ പതിപ്പിച്ച ചുമരാണ് ആരാലും അധികം ശ്രദ്ധിക്കപ്പെടാതെ നിലനില്‍ക്കുന്നത്. കൂടുതല്‍ ചരിത്രപഠനത്തിലൂടെ ഈ വസ്തുതയ്ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കി സംരക്ഷിക്കേണ്ടതുണ്ടെന്ന്
എഴുത്തുകാരനായ റാഫി നീലങ്കാവിൽ.

പുന്നത്തൂര്‍ സ്വരൂപത്തിന്‍റെ അധീനതയിലായിരുന്നു ചാവക്കാട് പ്രദേശം. 1717ല്‍ ഡച്ചുകാരും 1776ല്‍ മൈസൂര്‍ സൈന്യവും പിടിച്ചടക്കി. 1789 സെപ്തംബര്‍ 26-ാം തിയ്യതി ചാവക്കാട് ബ്രിട്ടീഷുകാരുടെ കീഴിലായി. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ മദ്രാസ് പ്രവിശ്യയിലെ മലബാര്‍ ജില്ലയിലുള്‍പ്പെട്ട പ്രദേശമായിരുന്നു ചാവക്കാട്. ചരിത്രപ്രസിദ്ധമായ പാലയൂരും മണത്തലയും ചാവക്കാടിന്‍റെ ഭാഗമാണ്.

ചാവക്കാട് തഹസില്‍ദാരുടെ ഓഫീസിന്‍റെ പുറംചുമരില്‍ സൂക്ഷിച്ചിട്ടുളള ഒരു ശിലാഫലകം ചേറ്റുവ കോട്ട/ഡച്ച് കോട്ടയുടെ ആദ്യത്തെ ക്യാപ്റ്റനായിരന്ന ക്യാപ്റ്റന്‍ വില്യം ബ്ലെയ്സറെ സംബന്ധിക്കുന്ന വിവരങ്ങളടങ്ങിയതാണ്.
എഴുത്തിന്റെ ഉള്ളടക്കം ഇതാണ്
THE TOMB STONE OF CAPT.WILLIAM BLAZER,COMMANDER, FORT WILLIAMS, CHETTUVAI. കരിങ്കല്‍ ഫലകത്തില്‍കൊത്തിയെടുത്ത വാക്കുകളില്‍ 1729 എന്ന വര്‍ഷവും മറ്റ് എഴുത്തുകളും സിമെന്‍റില്‍ മാഞ്ഞുപോയെങ്കിലും വായിച്ചെടുക്കാവുന്നതാണ്.

രണ്ടാമത്തെ ശിലയിലെ വാക്യങ്ങള്‍ സുവ്യക്തമാണ്. FROM THIS VILLAGE 45 MEN WENT TO THE GREAT WAR 1914- 1919 OF THESE 5 GAVE UP THEIR LIVES. 1914-1919 കാലഘട്ടത്തില്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ ഇവിടെ നിന്നും 45 പേര്‍ പങ്കെടുത്തെന്നും അതില്‍ 5 പേര്‍ യുദ്ധത്തില്‍ മരണപ്പെട്ടുവെന്നും ഈ സ്മാരകശിലയില്‍ രേഖപ്പെടുത്തിയിട്ടുളളത്.

ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ സ്ഥലസര്‍വെയുടെ ഭാഗമായി നടന്ന അന്വേഷണത്തില്‍ കണ്ടെടുത്ത ഒരു ശിലാരേഖയെക്കുറിച്ച് പ്രവിശ്യയിലെ അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ചാള്‍സ് അലക്സാണ്ടര്‍ ഇന്നീസ് 1904-05 തയ്യാറാക്കി 1908ല്‍ പ്രസിദ്ധീകരിച്ച ‘മലബാര്‍ ഗസറ്റിയറി’ലെ വിവരണങ്ങള്‍ ഇപ്രകാരമാണ്. ‘ജൂദക്കുന്നില്‍ നിന്നു കണ്ടെടുത്ത മാഞ്ഞുപോയതും വളരെ നീണ്ടതുമായ വട്ടെഴുത്തിലുളള കരിങ്കല്‍ ശിലാഫലകം ഇപ്പോള്‍ ഡപ്യൂട്ടി തഹസില്‍ദാരുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നു.’ പാലയൂര്‍ പളളിയുടെ അടുത്ത് ജൂദക്കുന്ന് എന്നറിയപ്പെടുന്ന ഒരു പറമ്പുണ്ടെന്നും അവിടെ യഹൂദ സിനഗോഗ് നിന്നിരുന്നുവെന്നും പാലയൂര്‍ വിട്ടുപോയ യഹൂദരുടെ ആവശ്യപ്രകാരം ആ പറമ്പില്‍ എല്ലാ രാത്രികളിലും വിളക്കുവെക്കണമെന്ന നിബന്ധനയില്‍ഒരു തിയ്യന്‍ കുടുംബത്തിന് സമ്മാനമായി ഈ സ്ഥലം നല്‍കിയെന്ന് പറയപ്പെടുന്നതായി ഇന്നീസ് എഴുതുന്നുണ്ട്.

ഇന്നീസ് വിവരിക്കുന്ന ഈ ശിലാരേഖയാണ് ചാവക്കാട് താലൂക്ക് ഓഫീസ് കെട്ടിടത്തിന്‍റെ വരാന്തയില്‍ ചുമരിനോട് ചേര്‍ത്ത് സിമെന്‍റില്‍ ഉറപ്പിച്ച് വെച്ചിട്ടുളള മറ്റൊരു ശിലാരേഖ.

വട്ടെഴുത്ത് കുറെയേറെ മാഞ്ഞുപോയതെങ്കിലും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇവ ശാസ്ത്രീയമായി വിലയിരുത്തി പുറത്തുകൊണ്ടു വരേണ്ടതുണ്ട്. ശിലയുടെ രൂപവും ശൈലിയും കേരളത്തിലെ മറ്റ് ശിലാരേഖകളുമായുളള താരതമ്യപഠനവും കാലനിര്‍ണ്ണയത്തിന് സാദ്ധ്യത നല്‍കും.

പാലയൂരിലെ ജൂദക്കുന്നില്‍ നിന്നും ലഭിച്ച ശിലാരേഖകള്‍ കേരള ചരിത്രത്തിന്‍റെ തന്നെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പോന്ന ഒന്നാണെന്നും റാഫി മാഷ് അഭിപ്രായപ്പെട്ടു.

planet fashion

Comments are closed.