തീരസംരക്ഷണത്തിനൊരു കണ്ടൽ വനം” പദ്ധതിയുമായി ചെറായി ഗവൺമെന്റ് യു.പി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും

പുന്നയൂർക്കുളം : കനോലി കനാലിന്റെ തീരം മണ്ണിടിച്ചിൽ മൂലം നശിച്ചു പോകാതെ സംരക്ഷിക്കാനും മണ്ണ് സംരക്ഷണത്തിനുമായി നൂറിലധികം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ച് അവയുടെ തുടർ സംരക്ഷണം ഏറ്റെടുത്ത് വിദ്യാർത്ഥികളും അധ്യാപകരും. മണ്ണു വാരാചരണത്തിന്റെ ഭാഗമായി പുന്നയൂർക്കുളം ചെറായി ഗവൺമെന്റ് യു. പി. സ്കൂളിലെ ഹരിത ക്ലബ്ബ് അംഗങ്ങളും അധ്യാപകരുമാണ് ഒഴിവു ദിനമായ ഞായറാഴ്ച ഒത്തുകൂടി നൂറിലധികം കണ്ടൽച്ചെടികളും പ്ലക്കാർഡുകളും കയ്യിലേന്തി കണ്ടൽ വനം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവൽക്കരണ യാത്ര നടത്തിയത്. തുടർന്ന് കനോലി കനാൽ തീരത്തും ഇവ കൈവഴികളായി പിരിയുന്ന തോടുകളുടെ ചതുപ്പ് നിറഞ്ഞ തീരത്തും നൂറിലധികം കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചു. ഇവയുടെ തുടർ സംരക്ഷണം പ്രദേശത്തെ ഹരിതസേനാ ക്ലബ്ബംഗങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

കണ്ടൽച്ചെടികളുടെ വേരുകൾക്ക് മണ്ണിടിയുന്നത് തടയാനും ജല സംരക്ഷണത്തിനും വായു ശുദ്ധീകരിക്കാനും ജൈവ വൈവിധ്യ സംരക്ഷണത്തിനുമുള്ള പ്രത്യേക കഴിവുകളുണ്ട് എന്ന് ഹരിത ക്ലബ്ബംഗങ്ങൾ പറഞ്ഞു. പല ജീവികളുടേയും ആവാസസ്ഥാനവുമാണ് കണ്ടൽക്കാടുകൾ.
പ്രധാനാധ്യാപകൻ കെ. എൽ. മനോഹിത് പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം രമ്യ തോമസ്, കെ. ഷിബിൻ രാജ്, സ്കൂളിലെ പരിസ്ഥിതി ക്ലബ്ബംഗങ്ങളായ ബിഷുറുൽ ഹാഫി, എൻ എസ് അദ്വിക്, പി ഹൈസം, വി ബി അനയ്കൃഷ്ണ, സി എസ് വൈഷ്ണവ്, പി എം റിൽവാൻ, സി ഷിയാസ്, കെ മുഹമ്മദ് ഹാനി, കെ ഫയാസ്, എം എ മുഹമ്മദ് നാസിം, കെ എസ് ദക്ഷധാർമിക് എന്നിവർ നേതൃത്വം നൽകി.

Comments are closed.