തീരസംരക്ഷണത്തിന് കണ്ടൽ വനം പദ്ധതിയും ബോധവൽക്കരണവും സൈക്കിൾ റാലിയുമായി ചെറായി ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ

പുന്നയൂർക്കുളം: ഓസോൺ മാസാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബോധവൽക്കരണ സൈക്കിൾ റാലിയും കണ്ടൽച്ചെടികൾ നടീലും സംഘടിപ്പിച്ചു.സ്കൂളിലെ 40-ലധികം വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ. അംഗങ്ങളും ചേർന്നാണ് ചെറായി കനോലി കനാൽ തീരത്തേക്ക് സൈക്കിൾ റാലി നടത്തിയത്. തുടർന്ന് തീരസംരക്ഷണത്തിനായി അമ്പതിലധികം കണ്ടൽച്ചെടികൾ കനോലി കനാലിന്റെ ചതുപ്പുനിറഞ്ഞ തീരത്ത് നട്ടുപിടിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും ചെറുക്കാൻ കണ്ടൽക്കാടുകൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് വിദ്യാർത്ഥികൾ ഈ ഉദ്യമത്തിന് തുടക്കമിട്ടത്. മണ്ണൊലിപ്പ് തടയുന്നതിനും ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും അന്തരീക്ഷവായു ശുദ്ധീകരിക്കുന്നതിനും കണ്ടൽച്ചെടികൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്.ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.എൽ. മനോഹിത്, എസ്.എം.സി. ചെയർമാൻ റാണാ പ്രതാപ്, അധ്യാപകൻ ഫ്രിന്റോ ഫ്രാൻസിസ് സി. എന്നിവരും ഇക്കോ ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധികളായ മുജല്ലാൽ ബിൻ ഹംദ്, കെ.എസ്. ഹാഷിം, എൻ.എസ്. അദ്വിക്, സി.എസ്. വൈഷ്ണവ്, പി.എസ്. ശ്രീപാർവണ, ടി. ദക്ഷ രൂപേഷ്, എം.ജെ. മുഹമ്മദ് സയാൻ, എം.ബി. അനയ്കൃഷ്ണ, അനിരുദ്ധ് തുടങ്ങിയവരും നേതൃത്വം നൽകി.




Comments are closed.