Header

ചേറ്റുവ പാലം : കാത്തിരിക്കുന്നത് ഒരു വന്‍ ദുരന്തം

ചേറ്റുവ: മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒരു വന്‍ ദുരന്തത്തിന്റെ വാര്‍ത്തയും കാത്തിരിപ്പാണ് ദേശീയ പാതാ അധികൃതര്‍. ഒരു മഴത്തുള്ളി വീഴുമ്പോഴേക്കും ചേറ്റുവ പാലത്തില്‍ അപകടങ്ങളുടെ തുടര്‍ച്ചയാണ്. ടാറിംഗിലുള്ള അപാകതായാണ് അപകട കാരണം എന്ന് ചൂണ്ടിക്കാണിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു അനക്കവുമില്ല. അടുത്തിടെ നടന്ന അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കനത്തില്‍ ടാര്‍ ഒഴിച്ച് മെറ്റല്‍ പാകിയാണ് പാലത്തിനു മുകളിലെ റോഡിനു ഗ്രിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അപരിചിതമായ ഈ പുതിയ വിദ്യയാണ് ചേറ്റുവ പാലത്തിലെ അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ മാസങ്ങളിലും പാലത്തില്‍ അപകടങ്ങളും വാഹനങ്ങളുടെ കൂട്ട ഇടികളും ഉണ്ടായിട്ടുണ്ട്. അപകടത്തില്‍പെട്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത് ബ്രേക്ക്‌ ചവിട്ടുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു എന്നാണ്. റോഡിലെ ഗ്രിപ്പ് കുറവ് എന്നതിനേക്കാള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന മിനുസമാണ് വില്ലനാവുന്നത്. ഗ്രിപ്പിനു വേണ്ടി വിരിച്ച മെറ്റലുകള്‍ വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ ടാറില്‍ അമര്‍ന്നു പോയിട്ടുണ്ട്.
ഇന്ന് രണ്ടപകടങ്ങളാണ് പാലത്തില്‍ സംഭവിച്ചത്. തലനാരിഴക്കാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവായത്. റോഡില്‍ തെന്നി നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങള്‍ നേരെ കൈവരികളും തകര്‍ത്ത് ആഴവും ഒഴുക്കുമുള്ള പുഴയിലേക്കാണ് കൂപ്പ്കുത്തുക. കൈവരികളും വിളക്കുകാലുകളും തകര്‍ത്ത ടാങ്കര്‍ ലോറിയും കെ എസ് ആര്‍ ടി സി ബസ്സും അത്ഭുതകരമായാണ് ഇന്ന് പുഴയിലേക്ക് മറിയാതെ രക്ഷപ്പെട്ടത്. വരാനിരിക്കുന്നത് മഴക്കാലമാണ്, കൂടെ സ്കൂള്‍ തുറക്കുകയും ചെയ്യുന്നു. ഒരു വന്‍ദുരന്തത്തിനു ചേറ്റുവ പാലം ഇടയാകുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അധികൃതര്‍ക്കായിരിക്കും. എന്നാല്‍ ഇനിയും മൌനം പാലിക്കാതെ സമരമുറകളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം

thahani steels

Comments are closed.