കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം – ആവശ്യം ഉന്നയിച്ച പി യതീന്ദ്ര ദാസിനെ കോൺഗ്രസ്സ് പുറത്താക്കി

ചാവക്കാട് : കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച തൃശൂർ മുൻ ഡി സി സി സെക്രട്ടറി പി യതീന്ദ്രദാസിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംസ്ഥാന, ദേശീയ നേതാക്കൾ ബി ജെ പി യിലേക്ക് പോകുന്നത് മാത്രമേ വാർത്തയാകുന്നുള്ളൂ എന്നാൽ മണ്ഡലം, വാർഡ് തലങ്ങളിൽ നിരവധി കോൺഗ്രസ്സ് പ്രവർത്തകർ ബി ജെ പി അനുഭാവികളാണ്. പല കോൺഗ്രസ്സ് കുടുംബാംഗങ്ങളുടെയും പ്രൊഫൈൽ പിക് മോദിയുടെ ചിത്രമാണെന്നും യതി സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞിരുന്നു.

തൃശ്ശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം ഭാര്യയുടെയും മക്കളുടെയും വോട്ടുകൾ സുരേഷ് ഗോപിക്ക് ചെയ്തിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ച് പറയുവാൻ എത്ര ജില്ലാ ബ്ലോക്ക് ഭാരവാഹികൾക്ക് പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. വിശ്വഹിന്ദ് പരിഷത്ത് പോലെയുള്ള വർഗ്ഗീയ സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ബ്ലോക്ക് ഭാരവാഹികളെ കുറിച്ച് അന്വേഷിക്കണം. പാർട്ടി നേരിടുന്ന വലിയ വെല്ലുവിളിയാണ് കോൺഗ്രസുകാരുടെ മോഡി ഭക്തി. അതു ചൂണ്ടികാണിച്ച പാലോട് രവിക്കെതിരെയല്ല നടപടി വേണ്ടിയിരുന്നതെന്നും യതീന്ദ്രദാസ് ചാവക്കാട് ഓൺലൈൻ ലേഖകന്റെ ചോദ്യത്തിന്റെ മറുപടിയായി പറഞ്ഞു.
സത്യവിരുദ്ധമായ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് പാർട്ടി നേതാക്കളെ പൊതുജന മധ്യത്തിൽ അപ്കീർത്തിപ്പെടുത്തി എന്ന് കാണിച്ച് കോൺഗ്രസ്സ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി തൃശൂർ ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഒപ്പ് വെച്ച കത്ത് യതീന്ദ്ര ദാസിനു ലഭിച്ചു. അങ്ങിനെ ഒരംഗത്വ മില്ലാത്ത തന്നെ എങ്ങിനെയാണ് പുറത്താക്കുന്നതെന്ന് യതീന്ദ്രദാസ് ചോദിച്ചു

Comments are closed.