ചാവക്കാട് ബീച്ചിൽ ജനത്തിരക്ക് – ന്യു വൈബിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്
ചാവക്കാട് : ക്രിസ്മസ് പുതുവത്സര അവധിക്കാലം ആരംഭിച്ചതുമുതൽ ചാവക്കാട് ബീച്ചിൽ വിനോദ സഞ്ചാരികളുടെ തിരക്കും വർധിച്ചു. ചാവക്കാട് ബീച്ചിന്റെ രാത്രി കാഴ്ചകളെ മനോഹരമാക്കി എൽ ഇ ഡി ബൾബുകളാൽ അലങ്കരിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ്. സന്ദർശകരിൽ ആവേശം നിറച്ച് ബൈക്ക് റൈഡ്, സ്പീഡ് ബോട്ടിൽ കടലിലെ യാത്ര, മറ്റു അലങ്കാരാങ്ങളും.
രാവിലെ 7 മണിമുതൽ വൈകുന്നേരം 5.45 വരെയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്, ബോട്ട് റൈഡ് എന്നിവയുടെ സമയം. എന്നാൽ സമയം കഴിഞ്ഞു ക്ലോസ് ചെയ്തതിനു ശേഷവും നിരവധി പേരാണ് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാനായി എത്തി നിരാശരായി മടങ്ങുന്നത്. കടൽ കാണാനായി സാധാരണ സന്ധ്യാ സമയമാണ് സഞ്ചരികൾ തിരഞ്ഞെടുക്കാറ്. ആറുമണിക്ക് മുൻപേ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവേശനം നിർത്തലാക്കുന്നത് ശരിയല്ലെന്നാണ് സന്ദർശകരുടെ നിലപാട്. ചുരുങ്ങിയ പക്ഷം വൈകുന്നേരം ഏഴുമണിവരെയെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് ബാംഗ്ലൂരിൽ നിന്നെത്തിയ സഞ്ചാരികളായ ദമ്പതികൾ ആവശ്യപ്പെട്ടു. ഗുരുവായൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ ദമ്പതികൾ വൈകുന്നേരം ആറുമണിക്ക് മുൻപ് ബീച്ചിൽ എത്തിയെങ്കിലും ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാനാവാത്ത നിരാശ അവർ ചാവക്കാട് ഓൺലൈൻ ലേഖകനുമായി പങ്കുവെച്ചു.
കടലേറ്റം ശക്തമായതിനെ തുടർന്ന് അഴിച്ചു കരയിൽ കയറ്റിവെച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് കഴിഞ്ഞ ദിവസമാണ് വീണ്ടും കടലിലേക്ക് ഇറക്കിയത്. തൊട്ടടുത്ത തൊട്ടാപ് റോയൽ ബീച്ചിലെ കടപ്പുറം ഫെസ്റ്റും ചാവക്കാട് ബീച്ചിൽ വരാനിരിക്കുന്ന ന്യൂ ഇയർ ആഘോഷങ്ങളും ചേർന്ന് വൻ ജനസഞ്ചയത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ചാവക്കാട് നഗരസഭയും ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ കമ്മിറ്റിയും.
Comments are closed.