കൗൺസിലർ കളത്തിലിറങ്ങി – അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി

മമ്മിയൂർ : അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വിഷുക്കൈനീട്ടമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. മമ്മിയൂർ കസ്തൂർബ ബാലികാ സദനം റോഡിൽ പെരിങ്ങാടൻ കൃഷ്ണൻ – പ്രസന്നകുമാരി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണൻ. ജന്മനാ ഓട്ടിസം ബാധിതനും അപൂർവ്വ അപസ്മാര ബാധിതനുമാണ് ഹരികൃഷ്ണൻ. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കുന്ന മരുന്നിനു പുറമെ പ്രതിമാസം 2600 രൂപ യോളം ഹരികൃഷ്ണന്റെ മരുന്നിനു വേണ്ടി വരുന്നുണ്ട്. ഹരികൃഷ്ണന് ആവശ്യമായി വന്ന കഴിഞ്ഞ ഒരു വർഷത്തെ മരുന്ന് തൃശൂരിലെ ഒരു ചാരിറ്റബിൾ ട്രസ്റ്റ്നെ കൊണ്ട് സ്പോൺസർ ചെയ്യിച്ചിരുന്നു. അടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള മരുന്ന് ചാവക്കാട് പറമ്പൻസ് ടൈൽസ് ഉടമ നാസറാണ് സ്പോൺസർ ചെയ്തിട്ടുള്ളത്. തെങ്ങ് കയറ്റ തൊഴിലാളിയായ കൃഷ്ണൻ വീണ് നട്ടെല്ലിനുണ്ടായ ക്ഷതം മൂലം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ചെറുപ്പത്തിലെ പ്രമേഹ ബാധിതയായ പ്രസന്നകുമാരിക്കും കൃഷ്ണനും മരുന്നിനു മാത്രം ആഴ്ചയിൽ 2000 രൂപ വീതം വേണം. സമീപത്തുള്ള കസ്തൂർഭ ബാലികാ സദനത്തിലേക്ക് ഗുരുവായൂർ ദേവസ്വം നൽകുന്ന സൗജന്യ ഭക്ഷണത്തിൽ നിന്ന് ഒരു വിഹിതം ലഭിച്ചിരുന്നതിനാലാണ് പട്ടിണിയറിയാതെ ഈ കുടുംബം കഴിഞ്ഞിരുന്നത്.

രണ്ടുവർഷം മുൻപാണ് മൂന്നു സെൻ്റിലെ മൺ വീടിന്റെ അടുക്കളഭാഗം കാറ്റിലും മഴയിലും തകർന്നുവീണത്. ഏതു നിമിഷവും തകർന്നു വീഴാൻ പാകത്തിലുള്ള വീട്ടിലാണ് അതിദരിദ്രരായ ഹരികൃഷ്ണനും കുടുംബവും കഴിഞ്ഞിരുന്നത്.
ഗുരുവായൂർ നഗരസഭയിലെ പതിനഞ്ചാം വാർഡ് കൗൺസിലർ രേണുക ശങ്കർ വീട് സന്ദർശിച്ച് ഹരികൃഷ്ണനും കുടുംബവും അനുഭവിക്കുന്ന ദുരിതം നേരിട്ട് കണ്ടതോടെ അവരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. കൗൺസിലറുടെ പ്രയത്നത്തിന്റെ ഫലമായി ഇവരെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി. ഇവർക്ക് വാടക വീട് സംഘടിപ്പിച്ചു നൽകി. വീട് നിർമ്മാണം ആരംഭിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ഒരു വീഴ്ച്ചയും കൂടാതെ വാടകയും നൽകിപ്പോന്നു.
വാർഡ് നിവാസിയായ സിവിൽ എഞ്ചിനീയർ നിഷ വർമ്മ പ്രാരംഭ പ്രവർത്തികൾ മുതൽ താക്കോൽ ദാനം വരെയും വീട് നിർമ്മാണത്തിന് വേണ്ട എല്ലാ പിന്തുണയും നൽകി കൂടെയുണ്ടായിരുന്നു. എട്ടു ലക്ഷം രൂപ ചിലവിലാണ് വീട് നിർമ്മാണം. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതി പ്രകാരം ലഭിക്കുന്നത്. പദ്ധതി വിഹിതത്തിൽ നിന്നും 360000 രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്. മത ജാതി രാഷ്ട്രീയ ഭേദമന്യേ സുമനസ്സുകളുടെ സഹായത്തോടെ രണ്ടുവർഷംകൊണ്ട് വീട് നിർമ്മാണം പൂർത്തീകരിച്ചു. 500 രൂപ മുതൽ 50000 വരെ സംഭാവനയായി നൽകിയവരുണ്ടെന്ന് രേണുക ശങ്കർ പറഞ്ഞു.
ഉപ്പ് തൊട്ട് കർപ്പൂരം വരെ വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും വാങ്ങി നൽകി വിഷുദിനത്തിൽ രാവിലെ ലളിതമായ ചടങ്ങിൽ വീടിൻ്റെ താക്കോൽ കൈമാറി. കൗൺസിലർ രേണുക ശങ്കറും നിഷ വർമ്മയും ചേർന്നാണ് താക്കോൽ കൈമാറിയത്. വീട് നിർമ്മാണം പൂർത്തിയായതുകൊണ്ട് മാത്രം തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചിട്ടില്ലെന്നും ഇവർക്ക് തുടർന്നും ആശ്രയമാകുമെന്നും രേണുകയും നിഷയും ഒരേ സ്വരത്തിൽ പറയുന്നു. ചടങ്ങിൽ യുഎഇ ടീം ടോളറൻസിൻ്റെ വിഷുക്കൈനീട്ടം കൗൺസിലർ രേണുക ശങ്കർ ഹരികൃഷ്ണന് കൈമാറി.
ഫോട്ടോ : രേണുക ശങ്കറും നിഷ വർമ്മയും താക്കോൽ ദാനത്തിന് ശേഷം ഹരികൃഷ്ണനും കുടുംബത്തോടുമൊപ്പം

Comments are closed.