പുന്നയൂര്‍ക്കുളം: നോട്ടിന്റെ ലഭ്യതക്കുറവ് പരൂര്‍ പടവിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. അടുത്തദിവസം കൃഷി ആരംഭിക്കാനിരിക്കെ പഞ്ചായത്ത് സൗജന്യമായി നല്‍കുന്ന വിത്ത് നിരവധി കര്‍ഷകര്‍ക്ക്  ലഭിച്ചിട്ടില്ല. എന്‍ജിന്‍ കൂലിയടച്ച കര്‍ഷകര്‍ക്കാണ് വിത്ത് ലഭിക്കുക. ഏക്കറിന് 1700 രൂപയാണ് എന്‍്ജിന്‍ കൂലി. എല്ലാവര്‍ഷും പടവുകമ്മിറ്റിയുടെ അക്കൗണ്ടില്‍ കര്‍ഷകര്‍ നേരിട്ട് അടയ്ക്കുകയായിരുന്നു പതിവ്. അസാധുവാക്കിയ നോട്ടുകള്‍ അക്കൗണ്ടുടമ നേരിട്ട് അടയ്ക്കണമെന്നുള്ളതുകൊണ്ട് ബാങ്കിന് ഇപ്പോള്‍ കര്‍ഷകരുടെ പക്കല്‍ നിന്ന് പണം വാങ്ങാന്‍ കഴിയില്ല. എന്നാല്‍, പടവുകമ്മിറ്റിക്ക് കര്‍ഷകരുടെ പണം ശേഖരിച്ച് അക്കൗണ്ടില്‍ അടയ്ക്കാന്‍ നിയമതടസമില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പടവുകമ്മിറ്റി പ്രവര്‍ത്തിക്കുന്ന ഓഫിസിന് വൈദ്യുതി ലഭിക്കാത്തതുകൊണ്ട് ഓഫിസ് പ്രവര്‍ത്തനം ഇപ്പോള്‍ കൃത്യമായി നടത്താന്‍ സാധിക്കുന്നില്ലെന്ന് ഭാരവാഹികള്‍ പറയുന്നു. തൊള്ളായിരം ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഒന്നില്‍ കൂടുതല്‍ ഏക്കര്‍ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്കാണ് നോട്ട് ലഭ്യതക്കറുവ് കൂടുതല്‍ പ്രശ്‌നമായിട്ടുള്ളത്.