mehandi new

ദേവസ്വം ഭരണസമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്

fairy tale

ഗുരുവായൂര്‍ : ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തുറന്ന പോരിലേക്ക്. അഡ്മിനിസ്‌ട്രേറ്ററായിരുന്ന സി.എന്‍.അച്യുതന്‍ നായരെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി മാതൃവകുപ്പിലേക്ക് തിരിച്ചു വിളിച്ചതോടെ ഭരണ സമിതിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തെത്തിയിരിക്കുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള ദേവസ്വം ഭരണസമതി രാജിവെക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതിനെതിരെ ദേവസ്വം ജീവനക്കാരുടെ ഇടതുപക്ഷ അനുകൂല സംഘടനകള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയ മന്ത്രിയുമായി ജീവനക്കാരുടെ സംഘടനകള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. നിലവിലെ ഭരണ സമിതിക്കെതിരായ ആരോപണങ്ങള്‍ സംഘടനകള്‍ മന്ത്രിക്ക് മുന്നില്‍ നിരത്തുകയും ചെയ്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ വിവാദമായ ക്യൂ കോംപ്ലക്‌സ് നടപ്പാക്കരുതെന്ന് ഇടത് സംഘടനകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ എല്‍.ഡി.എഫിന്റെ കാലത്ത് തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനായിരിക്കെ തെക്കെനടയില്‍ ക്യൂ കോംപ്ലക്‌സിനായി ഏറ്റെടുത്ത സ്ഥലത്തു തന്നെ ക്യൂ കോംപ്ലക്‌സ് വേണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററോട് മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി പങ്കെടുത്ത എംപ്ലോയീസ് സഹകരണ സംഘം ഓഫിസ് ഉദ്ഘാടനത്തിനെതിരെ ഭരണസമിതിയെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് ജീവനക്കാരുടെ യൂനിയന്‍ രംഗത്തെത്തിയിരുന്നു. ഭരണ സമിതി ചെയര്‍മാന്‍ ഒഴികെയുള്ള ഭരണ സമിതി അംഗങ്ങളെയൊന്നും ചടങ്ങില്‍ പങ്കെടുപ്പിക്കാതെ പാര്‍ട്ടി ചടങ്ങാക്കി മാറ്റിയെന്നാണ് ആക്ഷേപമുന്നയിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ചുമതലയേറ്റ എന്‍.പീതാംബര കുറുപ്പ് ചെയര്‍മാനായ ഭരണ സമിതിക്ക് ഇനിയും ഒന്നര വര്‍ഷത്തെ കാലാവധിയുണ്ട്. ഇതിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ഭരണസമിതി യോഗങ്ങളിലും ദേവസ്വം പരിപാടികളിലും പങ്കെടുക്കാതെ ദേവസ്വം ചെയര്‍മാന്‍ വിട്ടു നില്‍ക്കുകയാണ്. ദേവസ്വം ജീവനക്കാരുടെ സംഘടന ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ദേവസ്വം മന്ത്രിയെത്തിയിട്ടും പീതാംബരകുറുപ്പ് എത്തിയിരുന്നില്ല. ആനത്താവളത്തില്‍ ആനകളുടെ സുഖ ചികിത്സ നടക്കുന്നിടത്തും ദേവസ്വം ചെയര്‍മാന്റെ സാന്നിധ്യമുണ്ടായില്ല. ദേവസ്വം വകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിന്ന് ഒരു വിഭാഗം ഭരണസമതി അംഗങ്ങളും വിട്ടു നിന്നു.

Jan oushadi muthuvatur

Comments are closed.