Header

ജീവനക്കാരെ കബളിപ്പിച്ച് ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ നിന്നും ഭക്തയുടെ ബാഗ് തട്ടിയെടുത്ത വിരുതൻ പിടിയിൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് മോഷണം പോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി വെള്ളൂർ മാലംവേളം പ്ലാക്കൽ വീട്ടിൽ അനിൽ എന്ന ഷാജി (52)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 10 ന് വെള്ളിയാഴ്ച വൈകീട്ടാണ് കൊല്ലം സ്വദേശിയും പാലക്കാട് എഫ് സി ഐ യിലെ ഉദ്യോഗസ്ഥയുമായ വിജി കിഴക്കേ നടയിലെ ക്ലോക്ക് റൂമിൽ ബാഗ് സൂക്ഷിക്കാൻ ഏൽപിച്ചത്. ക്ളോക്ക് റൂമിലെ ജീവനക്കാർ ടോക്കണും നൽകി. പാലക്കാട്ടെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകും വഴി ഗുരുവായൂരിൽ ദർശനം നടത്താൻ എത്തിയതായിരുന്നു കശ്മീരിൽ ഡ്യൂട്ടിയിലുള്ള പട്ടാളക്കാരന്റെ ഭാര്യയായ യുവതിയും അമ്മയും.

ഇവർ ശനിയാഴ്ച പുലർച്ചെ 3.20 നുള്ള തിരുവനന്ത പുരം ഇന്റർ സിറ്റിക്ക് മടക്ക ടിക്കറ്റ്‌ എടുത്തിരുന്നു. ഏതാനും മണിക്കൂറുകൾ മാത്രം ഗുരുവായൂരിൽ തങ്ങുന്നതിനാൽ ലോഡ്ജിൽ മുറി എ ടുത്തിരുന്നില്ല. അത് കൊണ്ടാണ് വിലപിടുപ്പമുള്ള സാധനങ്ങളുള്ള ബാഗ് ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏല്പിച്ചത്.

അത്താഴ പൂജയും ശീവേലിയും തൊഴുതു പുറത്ത് കടന്ന ഇവർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും കണ്ട് ക്ഷേത്ര നടയിൽ തന്നെ സമയം ചിലവഴിച്ചു. രണ്ടു മണിക്ക് ബാഗ് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ബാഗ് കാണാനില്ല എന്ന് ജീവനക്കാർ പറയുന്നത്. ബാഗ് ഏല്പിക്കുമ്പോൾ ക്ളോക്ക് റൂമിൽ ഉണ്ടായിരുന്ന ജീവനക്കാർ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയും ചെയ്തിരുന്നു.

ടോക്കൺ തെറ്റി ബാഗ് മാറി കൊടുത്തു എന്നാണ് ജീവനക്കാർ പറഞ്ഞത്. അങ്ങിനെയാണെങ്കിൽ മാറി കൊടുത്ത ടോക്കൺ പ്രകാരമുള്ള ബാഗ് അവിടെ കാണേണ്ടതാണ്, എന്നാൽ പകരം ബാഗും അവിടെ ഉണ്ടായിരുന്നില്ല.
ലാപ്ടോപ്പും മൊബൈൽ ഫോണും , വീടിന്റെ താക്കോൽ അടക്കം ഉള്ള ബാഗാണ് ഉടമക്ക് നഷ്ടപ്പെട്ടത്.

നാട്ടിൽ അത്യാവശ്യമായി എത്തേണ്ടതിനാൽ ടെംപിൾ പോലീസിൽ പരാതി നൽകിയ ശേഷം വിജിയും അമ്മയും അന്ന് തന്നെ ഇന്റർ സിറ്റിയിൽ കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു.

സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ജീവനക്കാരെ കബളിപ്പിച്ച് ബാഗ് തട്ടിയെടുത്ത പ്രതിയെ കിട്ടിയെങ്കിലും നഷ്ടപ്പെട്ട ബാഗ് കിട്ടിയില്ല. ബാഗ് മാറ്റാർക്കോ നൽകിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ബാഗ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

thahani steels

Comments are closed.