mehandi banner desktop
Chavakkad online

ഗുരുവായൂരിൽ വീടുകളിലും കടകളിലും വെള്ളം കയറി, കാറുകൾ ഒലിച്ചുപോയി, തെങ്ങ് വീണ് വീട് തകർന്നു

Ft

ഗുരുവായൂർ: മേഖലയിൽ പെയ്ത അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. ഗതാഗതവും വൈദ്യുതി ബന്ധവും പൂർണ്ണമായി തടസ്സപ്പെട്ടു.

Jan oushadi

രാവിലെ 10 മണിയോടെയാണ് മേഖലയിൽ മഴ ശക്തമായത്. തൈക്കാട് തിരിവിൽ അമ്പതോളം കടകളിൽ വെള്ളം കയറി പച്ചക്കറികളും പഴവർഗ്ഗങ്ങളും ഒലിച്ചുപോയി. മമ്മിയൂർ കൈരളി ജംഗ്ഷൻ, പഞ്ചാരമുക്ക്, താമരയൂർ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും കൈരളി ജംഗ്ഷനിലെ ഫയർഫോഴ്‌സ് ഓഫീസിലും വെള്ളം കയറി.

കാരക്കാട് വെള്ളം പൊങ്ങി വീടിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കാറുകളും ഇരുചക്രവാഹനങ്ങളും വെള്ളം കയറി കേടായി. നിരവധി മതിലുകൾ നിലംപൊത്തുകയും മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

ചൊവ്വല്ലൂർ പടിയിൽ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കുറുക്കുവഴി തേടിയ രണ്ട് കാറുകളാണ് നെന്മിനി പോസ്റ്റ് ഓഫീസിന് സമീപത്തെ കടവള്ളി തോട്ടിലേക്ക് ഒലിച്ചുപോയത്. തൈക്കാട് സ്വദേശിയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഒഴുകാൻ തുടങ്ങിയതോടെ കുട്ടികൾ അടക്കമുള്ളവർ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ഈ കാർ കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു. എന്നാൽ ഒലിച്ചുപോയ ചാവക്കാട് സ്വദേശിയുടെ കാർ തോട്ടിൽ മുങ്ങിപ്പോയതിനാൽ കരയ്‌ക്കെത്തിക്കാൻ സാധിച്ചിട്ടില്ല.

തൃശ്ശൂർ-ഗുരുവായൂർ പാതയിൽ തൈക്കാട് തിരിവിൽ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂർ കാട്ടുപാടം റോഡ്, ചാമുണ്ഡേശ്വരി റോഡ്, മാവിൻചുവട്-കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

ശക്തമായ കാറ്റിലും മഴയിലും തൊഴിയൂർ ആയിരംകണ്ണി ഉന്നതിയിൽ ചട്ടിക്കൽ ഷിബുവിന്റെ ഓടിട്ട വീട് ഭാഗികമായി തകർന്നു. പുലർച്ചെ അഞ്ചരയോടെ അയൽവാസി തൂമാട്ട് അമ്മിണിയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിഞ്ഞുവീഴുകയായിരുന്നു. ഓടുകളും തേങ്ങകളും വീടിനുള്ളിലേക്ക് പതിച്ചെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അമ്മിണിയുടെ സ്ലാബ് മതിലും തകർന്നിട്ടുണ്ട്. തെങ്ങ് വൈദ്യുതി ലൈനിലേക്ക് പതിച്ചതിനെ തുടർന്ന് രണ്ട് പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും പ്രദേശത്ത് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു.

Comments are closed.