ഐറിൻ സുഹൈൽ – മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം

ചാവക്കാട് : മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം ഐറിൻ സുഹൈൽ. അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയായ അഞ്ചര വയസ്സുകാരി ഐറിൻ സുഹൈൽ, തന്റെ കഴിവുകൾ പ്രകടിപ്പിച്ച് നാടിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ട് വയസ്സുമുതൽ ലോകമെമ്പാടുമുള്ള പ്രശസ്ത റെക്കോർഡുകൾ കീഴടക്കിയ ഈ മിടുക്കി ഇന്ന് എട്ട് ലോകപ്രശസ്ത റെക്കോർഡുകളുടെ അഭിമാന കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.

ഒന്നര വയസ്സുമുതലാണ് ഐറിൻ തന്റെ അസാധാരണ ഗ്രാഹ്യ ശക്തി പ്രദർശിപ്പിച്ചു തുടങ്ങിയത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്സ്, ജാക്കി ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, ഒ എം ജി ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഒടുവിൽ ഇൻഫ്ലുവൻസർ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് തുടങ്ങിയ വേദികളിലൂടെ ഈ മിടുക്കി തന്റെ അനിതരസാധാരണ വൈജ്ഞാനിക കഴിവുകൾ ലോകത്തിന് മുന്നിൽ തെളിയിച്ചു. കേരള ശിശുക്ഷേമ സമിതിയുടെ 2024 പ്രതിഭ പുരസ്കാരവും ഈ കൊച്ചു മിടുക്കിയേ തേടിയെത്തിയിരുന്നു.
അകലാട് അഞ്ചാംകല്ലിൽ സുഹൈൽ ബിൻ മൊയ്‌ദീൻ, ബിൻഷ ദമ്പതികളുടെ മകളായ ഐറിൻ കുടുംബത്തിന്റെ പിന്തുണയോടെയാണ് ഈ നേട്ടങ്ങൾ കൈവരിക്കുന്നത്. എം ഐ സി സ്കൂളിലെ ഫൈൻഡ് ദി ജീനിയസ് പ്രോഗ്രാമിന്റെ കോഡിനേറ്ററും അധ്യാപികയുമാണ് മാതാവ് ബിൻഷ. സ്കൂളിന്റെ മികച്ച ശിൽപശാലയായ ഈ പ്രോഗ്രാമിലൂടെ ബിൻഷ സുഹൈലിന്റെ നേതൃത്വത്തിൽ പത്തുകുട്ടികൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇതിനോടകം ഇടംനേടിയിട്ടുണ്ട്.

Comments are closed.