mehandi banner desktop
Chavakkad online

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക്

Ft

ഗുരുവായൂർ: ഈ വർഷത്തെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് മുതിർന്ന കലാകാരൻ പെരുമ്പാവൂർ ഊരമന രാജേന്ദ്ര മാരാർ അർഹനായി. ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഈ പുരസ്കാരം അഷ്ടപദി ഗാനശാഖയ്ക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്. 25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം, അഷ്ടപദി സംഗീതോത്സവ ദിനമായ ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും. ചടങ്ങിന് ശേഷം പുരസ്കാര ജേതാവിന്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.​ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഷ്ടപദി കലാകാരൻ അമ്പലപ്പുഴ വിജയകുമാർ, മൃദംഗ വിദ്വാൻ പ്രൊഫ. വൈക്കം വേണുഗോപാൽ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിച്ചാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിയായ രാജേന്ദ്ര മാരാർ, 1983 മുതൽ 2016 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ക്ഷേത്ര വാദ്യകലാകാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.​അഷ്ടപദിയിലും സോപാന സംഗീതത്തിലും അഗാധ പാണ്ഡിത്യമുള്ള ഇദ്ദേഹം ഈ രംഗത്ത് അരനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിത്വമാണ്. ഇതിനോടകം ക്ഷേത്ര കലാപീഠം പുരസ്കാരം, ഷട്കാല ഗോവിന്ദ മാരാർ പുരസ്കാരം, കലാമണ്ഡലം എൻഡോവ്‌മെന്റ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിലവിൽ ഇരിങ്ങോളിൽ താമസിക്കുന്ന രാജേന്ദ്ര മാരാരുടെ ഭാര്യ വിനോദിനിയാണ്. സൗമ്യ, ശിവപ്രസാദ് എന്നിവർ മക്കളാണ്

Jan oushadi

Comments are closed.