ചാവക്കാട് : എടപ്പാളിൽ റോഡരികിൽ കിടന്നുറങ്ങുമ്പോൾ ലോറി കയറി മരിച്ചത് പാവറട്ടിയിൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്ന സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചശേഷം ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. തമിഴ്‌നാട് സ്വദേശിനിയും കടവല്ലൂരിൽ താമസക്കാരിയുമായിരുന്ന ഹംസവല്ലിയെന്ന മേരി (53) യാണ് മരിച്ചത്.
2018-ൽ കൂമ്പുള്ളി പാലത്തിന് സമീപം മുല്ലശേരി കനാൽ ബണ്ടിനരികിൽ കയ്പമംഗലം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളിലൊരാളാണ് ഹംസവല്ലി. ഇവരും ഭർത്താവ് തമിഴ്‌നാട് സ്വദേശി പരേതനായ കിച്ചപ്പിള്ളിയും പാവറട്ടിയിലാണ് കഴിഞ്ഞിരുന്നത്. പാർത്ഥീവൻ എന്നയാളുമായി ഹംസവല്ലി പ്രണയത്തിലായിരുന്നു. ഇതിനിടെ ഇവരുമായി മദ്യപിച്ചുകൊണ്ടിരുന്ന ഒരാളുമായി വാക്കേറ്റമുണ്ടായി. തുടർന്ന് മൂവരും ചേർന്ന് കൊലപ്പെടുത്തി. കയ്പമംഗലം ചൂലൂർ കുട്ടമംഗലം സ്വദേശി ചക്കുങ്ങപ്പീടികയിൽ അൻസാറിനെയാണ് (45) ഇവർ കൊലപ്പെടുത്തിയത്. ഈ കേസിൽ അറസ്റ്റിലായ മൂന്നുപേരിൽ കിച്ചപ്പിള്ളി വിചാരണക്കിടെ ജയിലിൽവെച്ച് മരിച്ചു. പാർത്ഥീവൻ ഇപ്പോൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ എടപ്പാൾ-തൃശ്ശൂർ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന ഹംസവല്ലി പച്ചക്കറിക്കടയിലെ മാലിന്യം കയറ്റാൻ വന്ന ലോറി കയറിയാണ് മരിച്ചത്.
Comments are closed.