മുൻസിപ്പാലിറ്റിയുടെ 6*6 തീരുമാനം പുന:പരിശോധിക്കണമെന്ന് ഇടത്, വലത് തൊഴിലാളി യൂണിയൻ നേതാക്കൾ

ചാവക്കാട് : സിവിൽ സ്റ്റേഷന് മുന്നിലെ തെരുവോര കച്ചവടക്കടകൾ ആറടി വീതിയിലും ആറടി നീളത്തിലും പരിമിതപ്പെടുത്താനുള്ള നഗരസഭ തീരുമാനം പുന:പരിശോധിക്കണമെന്ന് സി ഐ ടി യു, ഐ എൻ ടി യു സി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ നേതാക്കൾ സംയുക്തമായി ആവശ്യപ്പെട്ടു. കച്ചവടതിനുള്ള സ്ഥലം 12*12 ൽ നിജപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് വഴിയോര കച്ചവടക്കാർ രാഷ്ട്രീയ, സംഘടനാ വ്യത്യാസങ്ങളില്ലാതെ ഒപ്പിട്ട നിവേദനം നഗരസഭ അധ്യക്ഷക്ക് നൽകിയിരുന്നതായി ഇവർ പറഞ്ഞു. വഴിയോര കച്ചവടക്കാരെ വിളിച്ചുകൂട്ടി കഴിഞ്ഞ 13 ന് നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് 6*6 തീരുമാനം അറിയിച്ചത്. തുടർന്നാണ് ഇവിടെ കച്ചവടം നടത്തുന്ന 17 പേർ ഒപ്പിട്ട നിവേദനം നൽകിയത്.

ന്യായമായ ആവശ്യങ്ങൾ പറഞ്ഞ തൊഴിലാളികളെ വ്യക്തിപരമായി അധിക്ഷേപ്പിക്കുന്നതും വഴിയോര കച്ചവടക്കാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നഗരസഭ ചെയർപേഴ്സന്റെയും വൈസ് ചെയർമാന്റെയും ശ്രമങ്ങൾ വിലപ്പോകില്ലെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു മേഖലാ സെക്രട്ടറിയും ടൗൺ വെന്റിങ് കമ്മിറ്റി അംഗവുമായ ഷാജി, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി മേഖലാ പ്രസിണ്ടൻ്റ് കെ.കെ ഹിറോഷ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം സ്ഥലം അളന്നു തിട്ടപ്പെടുത്തി അടയാളമിട്ടു നൽകാനെ ത്തിയ നഗരസഭ ഉദ്യോഗസ്ഥരെ കച്ചവടക്കാരും യു ഡി എഫ് കൗൺസിലർമാരുൾപ്പെടെയുള്ള കോൺഗ്രസ്സ് പ്രവർത്തകരും ചേർന്ന് തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.

Comments are closed.