നാട്ടിക : തൃപ്രയാറിനടുത്ത് നാട്ടികയില്‍ നിർമ്മാണം നടക്കുന്ന ഗതാഗതം ആരംഭിച്ചിട്ടില്ലാത്ത ദേശീയപാത ബൈപാസിൽ കിടന്നു ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിലേക്ക് നിയന്ത്രണം വിട്ട തടിലോറി ഇടിച്ചു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരം. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ദുരന്തം സംഭവിച്ചത്. തൃപ്രയാർ ബൈപാസ് ആരംഭിക്കുന്നിടത്താണ് അപകടം. ബൈപാസ് നിർമ്മാണം നടക്കുന്ന ഈ ഭാഗത്ത് കൂടെ ഗതാഗതം ആരംഭിച്ചിട്ടില്ല. നിലവിലെ ദേശീയപാതയിൽ നിന്നും നിർമ്മാണം നടക്കുന്ന ബൈപാസിലേക്ക് വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച ഡിവൈഡറുകൾ ഇടിച്ചു തകർത്താണ് ലോറി ഉറങ്ങിക്കിടന്നവരുടെ മേൽ കയറി ഇറങ്ങിയത്.
കണ്ണൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് തടി കയറ്റി വന്ന ലോറിയാണ് അപകടം വരുത്തിയത്. പത്തുപേരടങ്ങുന്ന നാടോടി സംഘമാണ് ഉറങ്ങിക്കിടന്നിരുന്നത്. ഇതിൽ അഞ്ചു പേരാണ് മരിച്ചത്. ഗുരുതരമായ പരുക്കുകളോടെ മൂന്നുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്ലീനാറായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾക്ക് ലൈസൻസ് ഇല്ലെന്ന് പറയുന്നു. സംഭവം നടക്കുമ്പോൾ ഡ്രൈവർ ഉറങ്ങുകയായിരുന്നു. ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Comments are closed.