പരസ്പര സ്നേഹവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുക – മുഹമ്മദ് ദാരിമി അരിമ്പ്ര

എടക്കഴിയൂർ: ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി നാടെങ്ങും ബലിപെരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. പുലർച്ചെ മുതൽ തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാനായി പ്രദേശത്തെ വിവിധ മസ്ജിദുകളിലേക്ക് ഒഴുകിയെത്തിയത്.

എടക്കഴിയൂരിലെ വിവിധ മഹല്ല് ജുമാ മസ്ജിദുകളിൽ പ്രത്യേക പെരുന്നാൾ നമസ്കാരവും തുടർന്ന് പെരുന്നാൾ ഖുതുബയും നടന്നു. എടക്കഴിയൂർ ജുമാമസ്‌ജിദിൽ രാവിലെ 8.30-ന് നടന്ന പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും മഹല്ല് ഖത്തീബ് ടി. മുഹമ്മദ് ദാരിമി അരിമ്പ്ര നേതൃത്വം നൽകി. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായെത്തിയ ബലിപെരുന്നാൾ മാനവ ഐക്യത്തിനും മതസൗഹാർദത്തിനും ഏറെ പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹം തന്റെ പെരുന്നാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. പരസ്പര സ്നേഹവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാൻ പ്രവാചക വചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു പ്രമുഖ മസ്ജിദുകളിലും വിപുലമായ സൗകര്യങ്ങളാണ് പെരുന്നാൾ നമസ്കാരത്തിനായി ഒരുക്കിയിരുന്നത്. എടക്കഴിയൂർ ഖാദിരിയ ജുമാമസ്ജിദിൽ രാവിലെ 8.00 മണിക്ക് നടന്ന നമസ്കാരത്തിന് അലി അഷ്കർ ലത്തീഫി നേതൃത്വം നൽകി. എടക്കഴിയൂർ പതിരിക്കടവ് ബദർ ജുമാ മസ്ജിദിൽ രാവിലെ 8.00 മണിക്ക് ശറഫുദ്ധീൻ ദാരിമിയും, എടക്കഴിയൂർ കിറാമൻകുന്ന് ജുമാ മസ്ജിദിൽ രാവിലെ 8.00 മണിക്ക് സാബിത് സഖാഫിയും പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. എടക്കഴിയൂർ സലഫി മസ്‌ജിദിൽ രാവിലെ 7.30-നായിരുന്നു നമസ്കാരം ആരംഭിച്ചത്. കബീർ ബുസ്താനി ഇവിടെ നമസ്കാരത്തിന് നേതൃത്വം നൽകി.
വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിലും ഖുത്തുബയിലും പ്രത്യേക പ്രാർത്ഥനയിലും കുട്ടികളും മുതിർന്നവരുമടങ്ങുന്ന നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. നമസ്കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്തും പെരുന്നാൾ ആശംസകൾ കൈമാറിയും വിശ്വാസികൾ സൗഹൃദം പുതുക്കി

Comments are closed.