Header

മണ്ഡല മകരവിളക്ക് : ഗുരുവായൂരിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും

ഗുരുവായൂർ : മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ശബരിമല തീർത്ഥാടകർക്കായി വളരെ വിപുലമായ രീതിയിൽ പാർക്കിംങ്ങ് സൗകര്യം ഏർപ്പെടുത്താൻ ദേവസ്വം തീരുമാനമെടുത്തിട്ടുണ്ടെന്ന് ദേവസ്വം ചെയ്ർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു.

പടിഞ്ഞാറെ നടയിലെ മായബസ് സ്റ്റോപിനു മുന്നിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും എം എൽസി പിയുടെ തെക്ക് ഭാഗത്ത് ബൈക്ക് പാർക്കിങ്ങിനും പാഞ്ചജന്യം, ദേവസ്വം ആശുപത്രി എന്നിവിടങ്ങിലും വാഹന പാർക്കിങ്ങിനുള്ള സംവിധാനവും സി സി ടി വി ക്യാമറ സംവിധാനവും ഒരുക്കമെന്ന് ദേവസ്വം ചെയ്ർമാൻ അറിയിച്ചു. കൂടാതെ സ്കൂൾ അവധി ദിവസങ്ങളിൽ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കാർ തുടങ്ങിയ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സജ്ജീകരണം ഒരുക്കുമെന്നും പ്രത്യേക ക്യൂ, വിരി വെയ്ക്കുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമുള്ള സംവിധാനം എന്നിവ തീർത്ഥാടകർക്ക് പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര കുളത്തിന് സമീപം തിരക്കൊഴിവാക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ചെയർമാൻ യോഗത്തെ അറിയിച്ചു.

തീർത്ഥാടകർക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർദ്ധിപ്പിച്ചിട്ടുണ്ട്. ഔട്ടർ റിങ്ങ് റോഡ് നവീകരിക്കുന്നതിന് അനുമതി ലഭ്യമായതായും താൽക്കാലികമായി റോഡിന്റെ പണികൾ അടിയന്തരമായി പൂർത്തീകരിക്കുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു. ദേവസ്വം ആശുപത്രിയിൽ തീർത്ഥാടകർക്കാവശ്യമായ സൗകര്യം ഒരുക്കുമെന്ന് ദേവസ്വം അറിയിച്ചു.

ദേവസ്വവും ഗുരുവായൂർ നഗരസഭയും ശുചീകരണ തൊഴിലാളികളെ നിയമിക്കും. ആവശ്യമായ മുഴുവൻ സ്ഥലങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. നഗരസഭ തീർത്ഥാടകർക്കായി താത്കാലിക മെഡിക്കൽ സെൻററുകൾ ആരംഭിക്കും. ഗുരുവായൂരിൽ കുടിവെള്ളം വിതരണം കൃത്യമായി നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള റോഡുകളുടെ പണി ഏകദേശം പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് യോഗത്തിൽ അറിയിച്ചു.

നവമ്പർ 17 മുതൽ കെഎസ്ആർടിസി ഗുരുവായൂരിൽ നിന്ന് ശബരിമലയിലേക്ക് സ്പെഷൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തരമായി പഴയ ഫയർഫോഴ്സ് കെട്ടിടം നിലനിൽക്കുന്ന സ്ഥലം ശുചീകരിച്ച് വാഹന പാർക്കിങ്ങ് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ എം എൽ എ നിർദ്ദേശം നൽകി.

മണ്ഡല മകരവിളക്ക് സീസണിൽ കെഎസ്ഇബി ഗുരുവായൂരിൽ പ്രത്യേക ഓഫീസ് സംവിധാനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഇല്ലിക്കൽ റെഗുലേറ്ററിലെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് പ്രകാരമുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ഉറപ്പുവരുത്തേണ്ടതാണെന്നും എം എൽ എ നിർദ്ദേശിച്ചു.

ക്ഷേത്രപരിസരത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചു വരുന്നു എന്ന് പോലീസ് അറിയിച്ചത് പ്രകാരം ഇതിനെതിരെ സാമൂഹ്യനീതി വകുപ്പിനെ ഉൾപ്പെടുത്തി അടിയന്തര ഇടപെടൽ നടത്തുന്നതിന് ജില്ല കളക്ടർക്ക് എംഎൽഎ നിർദ്ദേശം നൽകി. ക്ഷേത്രനഗരിയിലെ ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി വിഭാഗം കാര്യക്ഷമമായി പരിശോധന നടത്തണമെന്നും സമയബന്ധിതമായി സർവേലൻസ് ആന്റ് സ്റ്റാറ്റ്യൂട്ടറി സാമ്പിൾ പരിശോധനകൾ കർശനമായി നടത്തണമെന്നും ഫുഡ് സേഫ്റ്റി ഓഫീസർക്ക് എംഎൽഎ നിർദ്ദേശം നൽകി.

ക്ഷേത്ര നഗരിയിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. നഗരസഭയിലെ ആരോഗ്യ സ്ഥാപനങ്ങൾക്കും താൽക്കാലിക മെഡിക്കൽ സെൻററുകൾക്കും ആവശ്യമായ മരുന്ന് ലഭ്യത ഉറപ്പുവരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. കൂടുതൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെ ക്ഷേത്രനഗരിയിൽ സജ്ജീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് കൂടുതൽ പോലീസ് സേവനം ആവശ്യമുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി കൂടുതൽ പോലീസ് സേനയെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തെ അറിയിച്ചു. വാഹന പാർക്കിങ്ങിനായി ഗുരുവായൂർ നഗരസഭയുടെ മൾട്ടിലെവൽ കാർ പാർക്കിങ്ങ് തുറന്നുകൊടുക്കാൻ വേണ്ട നടപടി സ്വീകരിച്ചു വരികയാണെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് യോഗത്തെ അറിയിച്ചു.

ഗുരുവായൂർ നഗരസഭ വീഡിയോ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ , ഡെപ്യൂട്ടി കലക്ടർ (ദുരന്ത നിവാരണം ) ഐ എസ് പരീദ്, ദേവസ്വം അഡ്മിനിസ്ട്രറ്റർ കെ പി വിനയൻ, നഗരസഭ സെക്രട്ടറി ബീന എസ് കുമാർ, അഡിഷണൽ ഡി എം ഒ ഡോ. പ്രേംകൃഷ്ണൻ, കെ എസ് ഇബി എക്സി.എഞ്ചിനീയർ, പോലീസ്, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ എസ്ആർടിസി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

thahani steels

Comments are closed.