
ചാവക്കാട് : തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവത്ര ഇ.എം.എസ്. നഗറിൽ പടിഞ്ഞാറ് പുത്തൻകടപ്പുറം മരക്കാരകത്ത് ഹമീദ് (52)നെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കഴുത്തിലും നെഞ്ചിലും, കാലിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഹമീദിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ ഹമീദ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ താമസിക്കുന്ന യുവാക്കളുടെ അടുത്തെത്തുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് ആംബുലൻസ് എത്തി രക്തത്തിൽ കുളിച്ച് കിടന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Comments are closed.