mehandi banner desktop
Chavakkad online

മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ല – വെളിച്ചം വനിതാ സമ്മേളനം

Ft

ചാവക്കാട് : മതത്തിന്റെ പേരിൽ സ്ത്രീകളെ അപമാനിക്കുന്നതോ അവരുടെ അന്തസ്സിനെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്നതോ ആയ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഐ.എസ്.എം. സംസ്ഥാന ‘വെളിച്ചം’ സംഗമത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇസ്‌ലാമിനെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും ഇസ്‌ലാമോഫോബിയ ശക്തിപ്പെടുന്നതിന് സാഹചര്യമൊരുക്കുകയും ചെയ്യുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുകയും കുടുംബത്തിലും സമൂഹത്തിലും അവർക്ക് മാന്യമായ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങൾ ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. ഈ അടിസ്ഥാന സന്ദേശങ്ങൾക്ക് വിരുദ്ധമായ നിലപാടുകൾ മതത്തിന്റെ പേരിൽ അവതരിപ്പിക്കുന്നത് ഇസ്‌ലാമിന്റെ യഥാർഥ മാനവിക മുഖത്തെ വികലമായി അവതരിപ്പിക്കാൻ ഇടയാക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെതായി പുറത്തുവന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഈ പശ്ചാത്തലത്തിൽ ഗൗരവമായി കാണേണ്ടതാണെന്നും സമ്മേളനം വ്യക്തമാക്കി. മതപണ്ഡിതരുടെയും പ്രഭാഷകരുടെയും വാക്കുകൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതിനാൽ സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വവും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.ഇസ്‌ലാമിന്റെ യഥാർഥ മാനവിക സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനും ഇസ്‌ലാമോഫോബിയക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനും മതപണ്ഡിതരും സമുദായ നേതാക്കളും വനിതാ കൂട്ടായ്മകളും ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും ‘വെളിച്ചം’ വനിതാ സമ്മേളനം ആഹ്വാനം ചെയ്തു.വനിതാ സമ്മേളനം എം.ജി.എം. സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ പ്രസിഡന്റ് സഫിയ്യ അലി അധ്യക്ഷത വഹിച്ചു. ശമീമ ഇസ്‌ലാഹിയ്യ, ലിഷ മാതംകോട്, ഫാത്തിമ സാക്കിയ, ആയിഷ ചെറുമുക്ക്, നബീല കുനിയിൽ, സിംറ സുബ്ഹ എന്നിവർ പ്രസംഗിച്ചു.

Jan oushadi

Comments are closed.