കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

കടപ്പുറം : വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തി. വട്ടേക്കാട് കണ്ടാരശ്ശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് റസൽ (15)ആണ് മരിച്ചത്. തൃത്തല്ലൂർ കമല നെഹ്‌റു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ റസലിനെ ചൊവ്വാഴ്ച്ച ഉച്ചതിരിഞ് കാണാതാവുകയായിരുന്നു. രാത്രിയായിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ ഒരുമനയൂർ ലോക്ക് പരിസരത്തു മൊബൈൽ ഫോൺ ഉള്ളതായി മനസ്സിലാക്കുകയും തുടർന്ന് ലോക്ക് പരിസരത്തെ പൊന്തക്കാടുകൾ, ഒഴിഞ്ഞു കിടക്കുന്ന വള്ളങ്ങൾ എന്നിവയിൽ നാട്ടുകാരും പോലീസും തിരച്ചിൽ നടത്തി.

ഇതിനിടെയാണ് പള്ളിക്കുളത്തിന്റെ കരയിൽ ചെരിപ്പും ഡ്രസ്സും കണ്ടതായി ചിലർ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് പള്ളിയിലെ സി സി ക്യാമറ പരിശോദിച്ചു. വൈകുന്നേരം അഞ്ചര മണിയോടെ രണ്ടു കുട്ടികൾ കുളത്തിൽ കുളിക്കാൻ ഇറങ്ങുന്നതായി കണ്ടെത്തി. കുളത്തിൽ നീന്തി കളിച്ചതിനു ശേഷം റസൽ കരക്ക് കയറുന്നതും കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കാണാത്തതിനെ തുടർന്ന് വീണ്ടും കുളത്തിലേക്ക് ഇറങ്ങുന്നതും കാണുന്നുണ്ട്. പിന്നീട് സുഹൃത്ത് കരക്ക് കയറി ധൃതിയിൽ പോകുന്നതാണ് കാണുന്നത്. രണ്ടു പേരിൽ ഒരാൾ മാത്രം പോകുന്നതാണ് സി സി കേം ദൃശ്യങ്ങളിൽ കാണുന്നത്. ഉടൻതന്നെ പോലീസ് ഗുരുവായൂർ ഫയഫോഴ്‌സിൽ വിവരമറിയിക്കുകയും ബുധനാഴ്ച്ച പുലർച്ചെ ഒന്നരമണിയോടെ മുഹമ്മദ് റസലിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തുകയുമായിരുന്നു. റസൽ കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് പേടിച്ച കൂട്ടുകാരൻ വീട്ടിലെത്തി ആരോടും ഒന്നും പറയാതെ ഭയന്ന് കഴിയുകയായിരുന്നു.
പള്ളിക്കുളത്തിൽ കുളിക്കരുതെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളിക്കാനായി നാട്ടുകാർ ഇവിടെ എത്താറുണ്ട്. പോലീസ് നടപടികൾക്ക് ശേഷം വട്ടേക്കാട് മഹല്ല് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി. മാതാവ്: റംഷി, അനിയൻ സഹൽ.

Comments are closed.