mehandi new

എം പി യും എം എൽ എ യും മത്സരിച്ച് ഇടപെട്ടിട്ടും ഒന്നും സംഭവിച്ചില്ല – മുല്ലത്തറ അടിപ്പാത നിർമ്മാണം പുരോഗമിക്കുന്നു

fairy tale

മന്നലാംകുന്ന് സെന്ററിൽ 15 മീറ്റർ അടിപ്പാതക്ക് സാധ്യത
ബൈപാസിൽ സർവീസ് റോഡുകൾ പണിയും
ദേശീയപാതക്ക് കുറുകെ എഫ് ഒ ബി കൾ സ്ഥാപിച്ചേക്കും (foot over bridge )

planet fashion

ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് മുല്ലത്തറ ജംഗ്ഷനിലെ അടിപ്പാതക്ക് പകരം തൂണുകളിൽ ഉയർത്തിയ മേൽപ്പാലം പണിയണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ല ദേശീയപാത 66 ൽ മണത്തല മുല്ലത്തറ പാലം നിലവിലെ പ്രപ്പോസ്സിൽ മാറ്റങ്ങൾ ഒന്നുമില്ലാതെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു.

ചാവക്കാട് മണത്തല മുല്ലത്തറയിൽ ഇരുവശവും തടമതിൽ (retained wall ) കെട്ടി പണിയുന്ന മേൽപ്പാലത്തിൽ 25 മീറ്റർ വീതി മാത്രമുള്ള അടിപ്പാതയാണ് നിലവിലെ പ്ലാനിൽ ഉള്ളത്. ഇത് ഉയർന്ന ജനസംഖ്യയുള്ള മേഖലയായ മണത്തലയെ രണ്ടായി വിഭജിക്കുമെന്നും ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും പറഞ്ഞാണ് അടിപ്പാതെക്കെതിരെ നാട്ടുകാർ രംഗത്ത് വന്നത്. തുടർന്ന് വിഷയം വിവിധ പാർട്ടികൾ ഏറ്റെടുക്കുകയും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തിരുന്നു.

വളരെ പഴയ ആരാധനാലയങ്ങളായ ഗുരുവായൂർ ക്ഷേത്രം, പാലയൂർ ചർച്ച്‌, മണത്തല മസ്ജിദ് എന്നിവ കേന്ദ്രീകരിച്ച് വളർന്നുവരുന്ന പിൽഗ്രിം ടൂറിസം, ബ്ലാങ്ങാട് ബീച്ച് ടൂറിസം, വിദ്യാർത്ഥികളുടെ യാത്ര എന്നിവയെയെല്ലാം സാരമായി ബാധിക്കുന്ന നിലവിലെ പ്രപ്പോസ്സിൽ മാറ്റം വരുത്തണമെന്നും തൂണുകളിൽ ഉയർത്തിയ ഫ്ലൈഓവർ പണിയണമെന്നും 25 മീറ്റർ അടിപ്പാതക്ക് പകരം 50 മീറ്ററെങ്കിലും വീതിയാക്കി വർദ്ധിപ്പിക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.

വിഷയം മാധ്യമങ്ങൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയകളിൽ ചർച്ചയാകുകയും ചെയ്തതോടെ. ഗുരുവായൂർ എം എൽ എ എൻ കെ അക്ബറും തൃശൂർ എം പി ടി എൻ പ്രതാപനും വിഷയത്തിൽ മത്സരിച്ച് ഇടപെട്ടിരുന്നു.

ഫ്ലൈ ഓവറും, മന്ദലാംകുന്ന് ജംഗ്ഷനിൽ അടിപ്പാതയും നിർമ്മിക്കുന്നതിനെ കുറിച്ച് പഠിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തിയതായി എം എൽ എ ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. എൽ.എൻ മാൾവിയ ഇൻഫ്രാ പ്രൊജക്റ്റ്‌സിനെയാണ് ഇതുമായി ബന്ധപ്പെട്ട് ചുമതലപെടുത്തിയിട്ടുള്ളതെന്ന് നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചതായി എം. എൽ. എ. എൻ കെ അക്ബർ അന്ന് പറഞ്ഞിരുന്നു.
മണത്തല മേൽപ്പാലത്തിന്റെയും മന്നലാംകുന്ന് അടിപ്പാതയുടെയും വിഷയസംബന്ധമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും, കേരള മുഖ്യമന്ത്രി പിണറായി വിജയനും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, നാഷണൽ ഹൈവേ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്കും ഗുരുവായൂർ എം.എൽ.എ നൽകിയ കത്ത് പരിഗണിച്ചാണ് ദേശീയപാത അധികൃതരുടെ തീരുമാനമെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
നിയമസഭയിലെ ചോദ്യോത്തര വേളയിലും എം എൽ എ വിഷയം ഉന്നയിച്ചിരുന്നു.

ദേശീയപാത 66 വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് മുല്ലത്തറ, മന്നലാംകുന്ന്, എടക്കഴിയൂർ, എടമുട്ടം തുടങ്ങിയ മേഖലകളിലെ മേൽപ്പാലം, അടിപ്പാത, സർവ്വീസ് റോഡ് വിഷയങ്ങളിൽ ടി എൻ പ്രതാപൻ എം പി സക്രിയമായി ഇടപെട്ടിരുന്നു.
ദേശീയപാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് അവലോകന യോഗം, ലോകസഭയിൽ വിഷയം ഉന്നയിക്കൽ, അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ട് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ എം പി നേരിട്ട് ചെയ്തിരുന്നു. മുല്ലത്തറയിലെ 25 മീറ്റർ അടിപ്പാത 50 മീറ്റർ ആക്കണം എന്നായിരുന്നു എം പി ആവശ്യപ്പെട്ടത്. 100 മീറ്റർ ആക്കണം എന്നായിരുന്നു എം എൽ എ യുടെ ആവശ്യം.

നാട്ടുകാർ വിഷയം ഉയർത്തികൊണ്ടു വരികയും എം എൽ എ, എം പി എന്നിവരുടെ ഇടപെടലുകളും സജീവമായപ്പോൾ നിർത്തിവെച്ച പാലം പണി ആഴ്ചകൾക്ക് മുൻപ് പുനരാരംഭിച്ചു.
താത്കാലിക പൈലിംഗ് തൂണുകൾ പറിച്ചു നീക്കി ഫൗണ്ടേഷൻ പില്ലറുകളുടെ നിർമാണവും ആരംഭിച്ചു. മുൻ അലൈൻമെൻഡിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു ബന്ധപ്പെട്ട എഞ്ചിനീയർമാർ വ്യക്തമാക്കി.

മന്നലാംകുന്ന് സെന്ററിൽ 15 മീറ്റർ അടിപ്പാതക്ക് സാധ്യത

മന്നലാംകുന്ന് സെന്ററിൽ 15 മീറ്റർ (svup) അടിപ്പാതക്ക് സാധ്യത തെളിഞ്ഞതായി എം എൽ എ ഓഫീസിൽ നിന്നും വിവരം ലഭിച്ചു. മന്നലാംകുന്ന് സെന്ററിൽ സ്മാൾ വെഹിക്കിൾ അണ്ടർ പാസ് പണിയുന്നതിനു എൻ ച്ച് ഓഫീസിൽ നിന്നും റിവൈസ് ലെറ്റർ അയച്ചിട്ടുണ്ട്.

ബൈപാസിൽ സർവ്വീസ് റോഡ് നിർമ്മിക്കും

മുല്ലത്തറ – വില്ല്യംസ് നിർദ്ധിഷ്ട ബൈപാസിൽ ഇരുവശത്തും സർവ്വീസ് റോഡുകൾ നിർമിക്കാൻ തീരുമാനമായിട്ടുണ്ട്.

എഫ് ഒ ബി കൾ സ്ഥാപിച്ചേക്കും (foot over bridge )

കാൽനട യാത്രക്കാർക്ക് ഹൈവേ മുറിച്ചു കടക്കുന്നതിനു നിർദിഷ്ട ദേശീയപാതക്ക് കുറുകെ എഫ് ഒ ബി (foot over bridge ) കൾ സ്ഥാപിച്ചേക്കും. മണത്തല, എടക്കഴിയൂർ, മന്നലാംകുന്ന് ഭാഗങ്ങളിലായി മൂന്ന് എഫ് ഒ ബി ( നടപ്പാലം) കൾക്ക് സാധ്യതയുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

Macare health second

Comments are closed.