ദേശീയപാതാ വികസനം കുടിവെള്ള വിതരണം തടസ്സപ്പെടുന്നു; അടിയന്തിര യോഗം വിളിച്ചുകൂട്ടി എം എൽ എ – വാട്ടർ കണക്ഷൻ പുനസ്ഥാപിക്കും വരെ ഒരുമനയൂരിൽ ദേശീയപാത നിര്‍മ്മാണം നിർത്തിവെക്കും
ചാവക്കാട് : നാഷണല്‍ ഹൈവേ വികസന പ്രവർത്തികളുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്നത് തുടരുന്നു. ഇതേതുടർന്ന് എന്‍.കെ അക്ബർ എം.എല്‍.എ അടിയന്തിര യോഗം വിളിച്ചു കൂട്ടി. വാട്ടർ കണക്ഷൻ പുനസ്ഥാപിക്കും വരെ ഒരുമനയൂര്‍ പ്രദേശത്ത് ദേശിയപാതയുടെ നിര്‍മ്മാണം നിർത്തിവെക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കേരള വാട്ടര്‍ അതോറിറ്റി, നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരുടെ യോഗം എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മാറ്റി സ്ഥാപിച്ച പൈപ്പ് ലൈനുകളില്‍ ഇന്‍റര്‍കണക്ഷന്‍ നല്‍കല്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തീകരിക്കാമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി യോഗത്തെ അറിയിച്ചു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രസ്തുത പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രം കാനനിര്‍മ്മാണം ആരംഭിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഒരുമാസത്തോളമായി കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും പൈപ്പ് ലൈനുകള്‍ പൊട്ടുന്നത് പതിവായിരിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തെ അറിയിച്ചു. ഒരുമനയൂരില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ടാങ്കര്‍ ലോറി വഴി കുടിവെള്ള വിതരണം നടത്തുന്നതിന് കരാര്‍ കമ്പനിക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. നിലവില്‍ പൊട്ടിയ പൈപ്പുലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ഒരുമനയൂര്‍ പ്രദേശത്ത് ദേശിയപാതയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് ചാവക്കാട് നഗരസഭ പ്രദേശത്ത് കുടിവെള്ള തടസ്സപ്പെട്ട കാര്യവും തെരുവ് വിളക്കുകള്‍ കത്താത്ത കാര്യവും യോഗത്തെ അറിയിച്ചു. ചാവക്കാട് നഗരസഭ പ്രദേശത്തും കുടിവെള്ളം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ടാങ്കര്‍ ലോറി വഴി കുടിവെള്ള വിതരണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം കാണിച്ച് ജില്ലാകളക്ടര്‍ക്ക് കത്ത് നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.
കടപ്പുറം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളില്‍ പഞ്ചായത്ത് സെക്രട്ടറിയും അസി.എഞ്ചിനീയറും സംയുക്തമായി പരിശോധന നടത്തുന്നതിനും കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറി വഴി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വിജിത സന്തോഷ്, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേഷ്, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കാഞ്ചന മൂക്കന്‍, വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍മാരായ രേഖ പി, വിന്നിപോള്‍, നാഷണല്‍ ഹൈവേ അതോറിറ്റി പ്രതിനിധി രാജേഷ് സി, വാട്ടര്‍ അതോറിറ്റി അസി. എക്സി. എഞ്ചിനീയര്‍മാര്‍, വാട്ടര്‍ അതോറിറ്റിയിലേയും കെ.എസ്.ഇ.ബി യിലേയും അസി.എഞ്ചിനീയര്‍മാര്‍, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.