
ചാവക്കാട് : കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന മലബാർ മേഖലയിൽ അധിക ബാച്ചുകൾ അനുവദിക്കാതെ വിദ്യാർത്ഥികൾക്ക് പഠനാവസരം നിഷേധിക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നതെന്ന് എം എൽ എ എൻ ഷംസുദ്ധീൻ. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച എസ് എസ് എൽ സി പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ആദരം 2024 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലയെയും ഒരേപോലെ കൊണ്ടുപോവേണ്ട സർക്കാർ മലബാർ മേഖലയിലെ വിദ്യാർഥികളോട് മാത്രം ചിറ്റമ്മ നയം സ്വീകരിക്കുന്നത് കൊണ്ടു നഷ്ടപെടുന്നത് ഭാവി സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
വിവര സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആധുനിക ലോകത്ത്, വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക വിദ്യയിലും വളർച്ച നേടിയാലേ നേട്ടം കൈവരിക്കാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം ആദരം ഏറ്റുവാങ്ങാൻ വന്ന വിദ്യാർഥികളെ ഉദ്ബോധിപ്പികുയും ചെയ്തു.
മുസ്‌ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ കാണാംപുള്ളി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ പരിധിയിൽ 100 ശതമാനം വിജയം കൈവരിച്ച എം ആർ ആർ എം സ്കൂളിനെയും, ലിറ്റിൽ ഫ്ലവർ സ്കൂളിനെയും എം. ബി ബി എസ്സിൽ ഉന്നത വിജയം നേടിയ ഡോ. ഷഹനാസ് സത്താറിനെയും ആദരിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്‌ദുൾ റഹീം, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ എൻ കെ അബ്‌ദുൾ വഹാബ്, ലത്തീഫ് പാലയൂർ, എ എച്ച് സൈനുൽ ആബിദ്ധീൻ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ വി ഷജീർ, എം എസ് എഫ് മണ്ഡലം ട്രഷറർ സബാഹ് താഴത്ത്, എം ആർ ആർ എം ഹെഡ്‌മിസ്ട്രസ് സിന്ധു എം, ലിറ്റിൽ ഫ്ലവർ അദ്ധ്യാപിക സിസ്റ്റർ ഷൈൻ, അബ്‌ദുൾ കാദർ മാസ്റ്റർ, കുഞ്ഞീൻ ഹാജി, അബ്ദുൽ സത്താർ, റഹീം എൻ കെ, പി അബ്‌ദുള്ള, അഷ്‌റഫ്, ബഷീർ, ഹാഷിം മാലിക്ക്, ബുഷ്‌റ യൂനസ്, മിദ്‌ലാജ് വി തുടങ്ങിയവർ പ്രസംഗിച്ചു. ടി എം ഷൗക്കത്ത് കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി. മുൻസിപ്പൽ ജനറൽ സെക്രട്ടറി പി എം അനസ് സ്വാഗതവും ട്രഷറർ ഹനീഫ് നന്ദിയും പറഞ്ഞു

Comments are closed.