ഇനി പവർകട്ടല്ല, പവർ കൺട്രോൾ’; ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളയിൽ തിളങ്ങി ജി.വി.എച്ച്.എസ്.എസ് കടപ്പുറം

ചാവക്കാട്: പരീക്ഷാക്കാലത്തെ അപ്രതീക്ഷിത പവർകട്ടുകൾ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ വേറിട്ട ആശയവുമായി ജി.വി.എച്ച്.എസ്.എസ് കടപ്പുറം സ്കൂളിലെ വിദ്യാർത്ഥികൾ. ചാവക്കാട് എം.ആർ. രാമൻ സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം വർക്കിംഗ് മോഡൽ മത്സരത്തിൽ ‘പവർ കട്ട് അല്ല, പവർ കൺട്രോൾ’ എന്ന പ്രൊജക്റ്റിലൂടെ ഇവർ ഒന്നാം സ്ഥാനം സ്വന്തമാക്കി. പ്ലസ് ടു ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികളായ ഷാദിൻ ഷാൻ, മെഹറിൻ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.

ഇൻവെർട്ടറുകൾ വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണ കുടുംബങ്ങളെ മുന്നിൽക്കണ്ടാണ് വിദ്യാർത്ഥികൾ ഈ ആശയം രൂപപ്പെടുത്തിയത്. വൈദ്യുതി ക്ഷാമമുള്ള സമയങ്ങളിൽ പൂർണമായി വൈദ്യുതി വിച്ഛേദിക്കുന്നതിന് പകരം, സെക്ഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിപ്പിക്കാവുന്ന ‘ലോഡ് ഡെസ്പാച്ച് സെന്റർ’ മാതൃകയാണ് കുട്ടികൾ വികസിപ്പിച്ചത്.
ബാറ്ററിയുടെ സഹായമില്ലാതെ തന്നെ പവർകട്ട് സമയങ്ങളിൽ കൂടിയ ഊർജ്ജം ആവശ്യമുള്ള ഉപകരണങ്ങൾ ഒഴിവാക്കി ലൈറ്റും ഫാനും മാത്രം കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതാണ് ഈ ലോഡ് കൺട്രോൾ സംവിധാനം. ഇതിനായി കെ.എസ്.ഇ.ബി സെക്ഷൻ എൻജിനീയർമാർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന മൊബൈൽ ആപ്പും ഇവർ തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാലയത്തിലെ ഇലക്ട്രിക്കൽ അധ്യാപകൻ യദുകൃഷ്ണന്റെ മേൽനോട്ടത്തിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പിന്തുണയിലുമാണ് വിദ്യാർത്ഥികൾ രണ്ടുമാസം കൊണ്ട് പദ്ധതി പൂർത്തിയാക്കിയത്. എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കർ തൃശ്ശൂർ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.



Comments are closed.